Skip to content
November 10, 2026
⌕

ഠാണാ – ചന്തക്കുന്ന് വികസനം : ഡിവൈഡറുകൾ ഒഴിവാക്കാൻ സാധിക്കില്ലെന്നും ചരിത്ര വികസനത്തിന് നിക്ഷിപ്ത താല്പര്യക്കാർ “അള്ള്” വെക്കാൻ ശ്രമിക്കുന്നതായും മുൻ മന്ത്രി ഡോ. ആർ. ബിന്ദു

November 10, 2026
Share this post to

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ മുഖച്ഛായ മാറ്റാൻ ഉതകുന്ന തരത്തിൽ വിഭാവനം ചെയ്ത ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായുള്ള ഡിവൈഡറുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി പുരോഗമിക്കുന്നതിനിടയിൽ ഉയർന്നു കൊണ്ടിരിക്കുന്ന അപവാദങ്ങൾ പിൻവലിക്കണമെന്നും ഇതിനെ പിൻപറ്റി രൂപീകരിച്ചിരിക്കുന്ന ആക്ഷൻ കൗൺസിൽ പിരിച്ചു വിടണമെന്നും മുൻ മന്ത്രി ഡോ. ആർ. ബിന്ദു പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇത്രയേറെ വാഹനപ്പെരുപ്പമുള്ള ഒരു റോഡിൽ ജനങ്ങളുടെ സുരക്ഷയെ മാനിച്ച് ഡിവൈഡർ ഒഴിവാക്കാൻ സാധിക്കില്ല.ഡിവൈഡറുകൾ ഒഴിവാക്കണമെന്ന ആവശ്യമംഗീകരിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുന്നതിന് തുല്യമാണെന്നും ബിന്ദു ടീച്ചർ പറഞ്ഞു.

ഠാണാ- ചന്തക്കുന്ന് വികസനത്തിനായി 52 കോടി രൂപയാണ് ഇടതുപക്ഷ ജനാധിപത്യ സർക്കാർ ഇരിങ്ങാലക്കുടയ്ക്ക് വേണ്ടി അനുവദിച്ചത്. അത്രയും വലിയ തുക ഉപയോഗിച്ച് നടത്തുന്ന ചരിത്ര വികസനത്തിന് “അള്ള്” വെക്കാനായി നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നത് അപലപനീയമാണ് എന്ന് ബിന്ദു ടീച്ചർ ആരോപിച്ചു.

പള്ളിയും പാതിരിമാരും മതപരമായ കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തി കടന്നുവരുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇന്നയാൾക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി നിർദ്ദേശിക്കാൻ പോലും വൈദികർ തയ്യാറായത് വളരെ ഖേദകരമായ കാര്യമാണ്. അതിന്റെ തുടർച്ച ഇക്കാര്യത്തിൽ ഉണ്ടാകരുതെന്ന് ആർ. ബിന്ദു അഭ്യർത്ഥിച്ചു.

വികസനങ്ങൾ അട്ടിമറിക്കുന്ന അവസ്ഥയിൽ നിന്ന് എംഎൽഎയും ജനപ്രതിനിധികളും പിന്മാറണമെന്നും മുൻ മന്ത്രി ഡോ. ആർ. ബിന്ദുവും സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാറും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google