മാള :അണ്ണല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു.ചാലക്കുടി കുറ്റിക്കാട് കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ (19), അയൽവാസിയും ബന്ധുവുമായ പടിഞ്ഞാക്കര വീട്ടിൽ അലൻ (19) എന്നിവരാണ് മരിച്ചത്. അണ്ണല്ലൂർ വില്ലേജ് ഓഫീസിന് സമീപം വ്യാഴാഴ്‌ച രാത്രി 11 ഓടെയായിരുന്നു അപകടം. ചാലക്കുടിയിൽ നിന്ന് മാള ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു ഇരുവരും. യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ നീലിനും അലനും ഗുരുതരമായി പരിക്കേറ്റു. ശബ്ദംകേട്ടെത്തിയ നാട്ടുകാർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബംഗളൂരുവിൽ രണ്ടാം വർഷ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ നീൽ രണ്ട് ദിവസം മുന്പാണ് നാട്ടിലെത്തിയത്. നീലിന്റെ മാതാപിതാക്കളായ ഷാജുവും ഷീനയും ഇറ്റലിയിലാണ്. സഹോദരൻ എൽനിനോ ബംഗളൂരുവിൽ വിദ്യാർഥിയാണ്. സംസ്കാരം പിന്നീട്. പുല്ലൂറ്റ് ഐടിസിയിലെ ഇൻസ്ട്രുമെൻ്റേഷൻ വിദ്യാർഥിയാണ് അലൻ. അച്ഛൻ: ഷാജു. അമ്മ: ലില്ലി. സഹോദരി: സ്നേഹ.സംസ്കാരം നടത്തി.


