തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് എൽഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കാണ് എൽഡിഎഫ് വിജയിച്ചത്.ആരോഗ്യ, വിദ്യാഭ്യാ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സിപിഐഎമ്മിലെ സി സി ബിജുവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി സിപിഐഎമ്മിലെ തന്നെ രജനി ജീജീഷും തെരഞ്ഞെടുക്കപ്പെട്ടു.
ഇടതുമുന്നണിക്കൊപ്പം ചേർന്ന സ്വതന്ത്രൻ കെ ആർ ഔസേപ്പാണ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയായിരുന്നു.പഞ്ചായത്തിൽ 10 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്നത്.
24 അംഗ പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്. സംഭവത്തിൽ കോൺഗ്രസ് നടപടിയെടുത്തിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.
പിന്നീട് കോൺഗ്രസ് പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പാർട്ടി ടിക്കറ്റിൽ വിജയിച്ചവർ സമവായത്തിലെത്തിയിരുന്നു. ഇതിനെ തുടർന്ന് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജി വെച്ചിരുന്നു.


