തൃശൂർ: 64-ാമത് സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് തൂക്കി കണ്ണൂർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ല സ്വന്തമാക്കി. 1,023 പോയിന്റുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018 പോയിന്റുകളുമായി തൃശൂർ തൊട്ട് പിന്നിലുണ്ട്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകൾ നേടി കണ്ണൂർ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. തൊട്ടുപിന്നിൽ ഒട്ടും വിട്ടുകൊടുക്കാതെ തൃശൂർ ജില്ല ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അവസാനഘട്ടത്തിൽ കപ്പ് കണ്ണൂർ തൂക്കുകയായിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലയ്ക്ക് മലയാളത്തിന്റെ്റെ പ്രിയ നടൻ മോഹൻലാൽ സ്വർണക്കപ്പ് സമ്മാനിക്കും.


