തൃശൂർ : കുട്ടികൾ തങ്ങളിലെ കലയെ യുവജനോത്സവ വേദികളിലേക്ക് മാത്രമായി ചുരുക്കരുതെന്ന് ചലച്ചിത്രതാരം മോഹൻലാൽ. 64-ാമത് സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായുന്നു മോഹൻലാൽ.
ആഗ്രഹവും പ്രയത്നവും ആത്മാർത്ഥമാണെങ്കിൽ സാധ്യതകൾ അനന്തമാണെന്നും അവസരങ്ങൾ തേടി വരുമെന്നും അദ്ദേഹം പറഞ്ഞു. മത്സരവേദികളിലെ ജയപരാജയങ്ങൾ അപ്രസക്തമാണ്, അത് നൽകുന്ന പരിചയമാണ് അമൂല്യം, പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങൾക്കു മുമ്പ് കൗമാര കലാകാരൻമാർക്ക് തങ്ങളിലെ കഴിവുകളുടെ മാറ്റുരയ്ക്കാൻ ലഭിച്ചിരുന്ന ഒരേ ഒരു വേദിയായിരുന്നു കലോത്സവം, മഞ്ജു വാര്യർ, നവ്യ നായർ, ചിത്ര, ജി. വേണുഗോപാൽ തുടങ്ങിയ അതുല്യ കലാകാരൻമാരെ നാടിനു സമ്മാനിച്ച വേദിയാണിത്. ഇതിൻ്റെ സാമൂഹ്യ പ്രസക്തി തിരിച്ചറിഞ്ഞ സർക്കാരും വിദ്യാഭ്യാസ വകുപ്പും അഭിനന്ദനം അർഹിക്കുന്നു എന്നും മോഹൻലാൽ പറഞ്ഞു.


