തൃശൂർ : കലോത്സവത്തിന് എത്തിയ ഓരോ വിദ്യാർഥിയും നമ്മുടെ എല്ലാ സ്വപ്‌നങ്ങളെയും യാഥാർത്ഥ്യമാക്കാൻ കഴിവുള്ളവരാണ്. ഇവരാരും മറ്റ് വിദേശ രാജ്യങ്ങളിൽ പോകാതെ ഇവിടെത്തന്നെ തുടരണമെന്നും എല്ലാവരും പോയാൽ കേരളം ഒരു വൃദ്ധസദനമായി മാറുമെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു.
ഓരോ വർഷം കഴിയും തോറും യുവജനോത്സവം വലിയ ഒരു ഉത്സവമായി, എന്നും കുട്ടികളുടെ മനസിൽ ഓർത്തിരിക്കാൻ പറ്റുന്ന ഓർമയായി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കലോത്സവ ചട്ടങ്ങൾ മാറ്റി സിയ ഫാത്തിമയെ മത്സരത്തിൽ പങ്കെടുപ്പിച്ച വിദ്യാഭ്യാസ മന്ത്രിയെ മന്ത്രി വി. ഡി സതീശൻ അഭിനന്ദിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി കലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ.എസ് ഷിബു ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തി.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ. കെ. രാജൻ, ഡോ. ആർ. ബിന്ദു, എ.കെ ശശീന്ദ്രൻ, എം.എൽ.എ മാരായ എ.സി മൊയ്തീൻ, സനീഷ് കുമാർ ജോസഫ്, പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ രാമചന്ദ്രൻ, വി. ആർ സുനിൽകുമാർ, ടൈസൺ മാസ്റ്റർ, മേയർ നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്,
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്. കെ ഉമേഷ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം ബാലകൃഷ്ണൻ, സ്വീകരണ കമ്മിറ്റി കൺവീനർ എ.യു വൈശാഖ്, സാംസ്കാരിക പ്രമുഖർ എന്നിവർ പങ്കെടുത്തു.


