തൃശൂർ: മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വൻ മോഷണമെന്ന് റിപ്പോർട്ട്. ശിശുരോഗ വിഭാഗം പിജി ഡോക്ടർ ശ്രേയാ പോളിന്റെ 20 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.
സംഭവം നടന്നത് ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു. മോഷണത്തിന് ശേഷം പ്രതികൾ മറ്റൊരു ഡോക്ടറുടെ ബൈക്കും കവർന്നാണ് കടന്നു കളഞ്ഞത്. ഹോസ്റ്റലിന്റെ പൂട്ടു തകർത്ത് അകത്തു കടന്ന സംഘം അലമാര കുത്തിത്തുറന്നാണ് സ്വർണം കൈക്കലാക്കിയത് എന്നാണ് റിപ്പോർട്ട്.
മോഷണം നടക്കുന്ന സമയത്ത് ഡോ. ശ്രേയ സ്വന്തം വീട്ടിലായിരുന്നു. മോഷണത്തിന് ശേഷം ഓർത്തോ വിഭാഗത്തിലെ ഡോ. രോഹന്റെ ബൈക്ക് മോഷ്ടിച്ചാണ് കള്ളന്മാർ രക്ഷപ്പെട്ടത്. മോഷണത്തിന് പിന്നിൽ രണ്ടുപേരടങ്ങുന്ന സംഘമാണ് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇവർ മുഖം മറച്ചാണ് എത്തിയത്. വെള്ള വസ്ത്രം ധരിച്ച് അകത്തുകയറിയ പ്രതികൾ പുറത്തിറങ്ങിയത് മറ്റൊരു നിറത്തിലുള്ള വസ്ത്രം ധരിച്ചാണ്. സംഭവം നടന്ന ഞായറാഴ്ച ഹോസ്റ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.


