ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമ കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന സമയം മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച നടത്തി മുങ്ങിയ തൃശൂർ ചെറുകുന്ന് സ്വദേശി വട്ടപറമ്പിൽ കുഞ്ഞണ്ണൻ എന്ന് വിളിക്കുന്ന രാഹുലിനെയാണ് (30) ഒല്ലൂർ പോലീസ് അതി സാഹസികമായി പിടികൂടിയത്.
2025 സെപ്റ്റംബർ മാസത്തിൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ചെറുകുന്ന് ഐക്യനഗറിൽ വച്ച് വെട്ടുകാട് സ്വദേശി വിഷ്ണുവിനേയും സുഹൃത്തുക്കളേയും രാഹുൽ ഉൾപ്പെടുന്ന മൂന്നംഗ സംഘം 3 വർഷം മുൻപ് ഉണ്ടായ കേസിനെ ചൊല്ലിയുള്ള മുൻ വിരോധത്താൽ ആക്രമണം നടത്തുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് നിലത്തു വീണ വിഷ്ണുവിനെയും സുഹൃത്തുക്കളെയും പ്രതികൾ വീണ്ടും ദേഹോപദ്രവം ഏൽപ്പിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ ഒല്ലൂർ പോലീസ് സ്ഥലത്ത് എത്തുകയും കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളെ കൃത്യം നടന്ന് മണിക്കൂറുകൾക്കകം പോലീസ് ഓടിച്ചിട്ട് പിടികൂടിയെങ്കിലും മൂന്നാം പ്രതിയായ രാഹുൽ ഒളിവിൽ പോവുകയുമായിരുന്നു. രാഹുലിനായി ഒല്ലൂർ പോലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് 2026 ജനുവരി മൂന്നാം തീയതി മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ച കേസിൽ രാഹുൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒല്ലൂർ പോലീസ് മനസ്സിലാക്കിയത്.
തുടർന്ന് കഴിഞ്ഞ ശനിയാഴ്ച രാഹുൽ നാട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ഒല്ലൂർ പോലീസിന് ലഭിക്കുകയും ചെറുകുന്ന് ഭാഗത്ത് രാഹുലിനായി തിരച്ചിലിൽ പോലീസിനെ കണ്ട രാഹുൽ അവിടെ നിന്നും ഓടി രക്ഷപെടുകയുമായിരുന്നു. മണിക്കൂറുകളോളം പോലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് അന്വേഷണ സംഘം രാഹുൽ പോകാൻ ഇടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി. ഒടുവിലാണ് തൃശൂർ കണ്ണംകുളങ്ങരയിലുള്ള രാഹുലിന്റെ സുഹൃത്തിൻറെ വീട്ടിൽ നിന്നും രാഹുലിനെ അന്വേഷണസംഘം പിടികൂടിയത്.
കവർച്ചയും വധശ്രമവും ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയും കാപ്പ പ്രകാരം ഒരു തവണ നാട് കടത്തപ്പെട്ടയാളുമാണ് രാഹുൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒല്ലൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എസ് പി സുധീരന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ ഒല്ലൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജു, സബ് ഇൻസ്‌പെക്ടർ ജീസ് മാത്യു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം എ അജിത്, സിവിൽ പോലീസ് ഓഫീസർമാരായ പി എസ് സുഭാഷ്, കെ എൻ നിരാജ്മോൻ, പി പി അജിത് എന്നിവരാണ് ഉണ്ടായിരുന്നത്.


