പട്ടിക്കാട്:ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ആയിരങ്ങൾ ഒഴുകിയെത്തി. രാവിലെ 8.30 ന് ശീവേലിയും തുടർന്ന് അമ്പലപ്പുഴ വിജയകുമാറിൻ്റെ നേതൃത്വത്തിൽ സോപാന സംഗീതവും നടന്നു. വൈകിട്ട് 4 മുതൽ 5.30 വരെ 32 ദേശങ്ങളിൽ നിന്ന് എത്തിയ പൂരങ്ങൾ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചു. 6 ന് 32 ഗജവീരൻമാർ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പിന് ഇമ്മട്ടി പറമ്പ് ദേശത്തിന്റെ ഗജവീരൻ അക്കിക്കാവ് കാർത്തികേയൻ തിടമ്പേറ്റി. പാണ്ടിമേളത്തിന് പാറമേക്കാവ് അഭിഷേക് പ്രമാണക്കാരനായി. വിശേഷാൽ ദീപാരാധനയും തായമ്പകയും നടന്നു. 9.30 ന് നടക്കൽ പഞ്ചവാദ്യം നടന്നു. രാത്രി പൂരം വരവിന് ശേഷം നടന്ന കൂട്ടിയെഴുന്നള്ളിപ്പിന് പഞ്ചാരിമേളം അകമ്പടിയായി. തുടർന്ന് ആറാട്ടോടെ ഉത്സവം സമാപിച്ചു.


