ഇരിങ്ങാലക്കുട : സിബിഐ ചമഞ്ഞ് വെളുത്തൂർ സ്വദേശിയുടെ ഒന്നേ മുക്കാൽ കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ നവീൻകുമാർ (35) കൈലാഷ് ബാബു (35) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പരാതിക്കാരനെ ഫോണിൽ വിളിച്ച് സി ബി ഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 01.10.2025 തിയ്യതി മുതൽ 10.10.2025 തിയ്യതി വരെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് ചെയ്തിരിക്കയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനിൽ നിന്നും 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്.
നവീൻകുമാർ, കൈലാഷ് ബാബു എന്നിവർ ചേർന്ന് കൊയമ്പത്തൂർ സ്വദേശിയായ വെങ്കിടേഷ് പാണ്ടി എന്നയാളുടെ സ്ഥാപനം വാങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വെങ്കിടേഷ് പാണ്ടിയെ കൽക്കത്തയിലേക്ക് കൂട്ടിക്കൊണ്ട് പോയി 26.09.2025 തിയ്യതി മുതൽ 13.10.2025 തിയ്യതി വരെ ഒരു ഹോട്ടലിൽ താമസിപ്പിച്ചിരുന്നു. തുടർന്ന് വെങ്കിടേഷ് പാണ്ടിയുടെ സിംകാർഡ്, ബാങ്ക് അക്കൗണ്ട് ഐ ഡി, പാസ്വേർഡ്, ജി മെയിൽ പാസ് വേർഡ് എന്നിവ ടെസ്റ്റ് റൺ നടത്തുവാനാണെന്ന് പറഞ്ഞ് നവീൻകുമാർ, കൈലാഷ് ബാബു എന്നിവർ കൈവശപ്പെടുത്തിയിരുന്നു.
തുടർന്ന് 11.10.2025 തിയ്യതി Test run – success ആയി എന്നും, ഉടനെ കമ്പനി വാങ്ങുന്ന കാര്യം ശരിയാകും എന്ന് പറഞ്ഞ് sim card തിരികെ നൽകിയിരുന്നു. 10.10.2025 തിയ്യതി വെങ്കിടേഷ് പാണ്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്ത തുകയിൽ ഉൾപ്പെട്ട 80,00000/- (എൺപത് ലക്ഷം) ട്രാൻസ്ഫർ ചെയ്ത് ഈ തുക നവീൻകുമാർ, കൈലാഷ് ബാബു എന്നിവർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നവീൻകുമാറിനെയും കൈലാഷ് ബാബുവിനെയും ഈ കേസ്സിൽ പ്രതി ചേർത്തത്.
10.10.2025 തിയ്യതിയിൽ നവീൻകുമാറും കൈലാഷ് ബാബുവും ചേർന്ന് വെങ്കിടേഷ് പാണ്ടിയുടെ ബാങ്ക് അക്കൗണ്ടിലൂടെ 15 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിന് തമിഴ്‍നാട് തിരുപ്പൂർ ജില്ലാ സൈബർ സ്റ്റേഷനിൽ എടുത്ത കേസിൽ അറസ്റ്റിലായി തമിഴ്നാട് ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്ന നവീൻകുമാറിനെയും കൈലാഷ് ബാബുവിനെയും കോടതിയുടെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ ഈ കേസ്സിലേക്ക് വേണ്ടി കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് ഐ ആൽബി തോമസ് വർക്കി, ജി എസ് ഐ മാരായ സുജിത്ത് കുമാർ, ഗ്ളാഡിൻ ഫ്രാൻസിസ്, ജി എസ് സി പി ഒ ഗിരീഷ്കുമാർ, സി പി ഒ ശ്രീയേഷ്, ഡ്രൈവർ സി പി ഒ അനന്തുമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


