മാള : വീടിന് സമീപം മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പുത്തൻവേലിക്കര തിരുത്തൂർ ഇട്ടിയാത്തിപറമ്പിൽ ഗോകുൽ കൃഷ്ണയെയാണ് (24) പിടികൂടിയത്.
കഴിഞ്ഞ 2026 ഡിസംബർ 28-ന് രാത്രി ഏഴ് മണിയോടെ അത്തികടവിലായിരുന്നു സംഭവം. വീടിന് സമീപമിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പൊയ്യ ഗ്രീൻ ലാന്റ് സ്വദേശി ആലിങ്ങപറമ്പിൽ വീട്ടിൽ സജിത്ത് 31 വയസ് എന്നയാളെയും ബന്ധുവായ ധനീഷ് എന്നയാളെയും തടഞ്ഞ് നിർത്തി കരിങ്കല്ലു കൊണ്ടും മറ്റും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും
അവിടെനിന്ന് രക്ഷപ്പെട്ട് ബന്ധുവായ ലക്ഷ്മണന്റെ വീട്ടിലേക്ക് ഓടിക്കയറിയ സജിത്തിനെ പിന്തുടർന്നെത്തിയ പ്രതികൾ ലക്ഷ്മണന്റെ വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറി സജിത്തിനെ മുറ്റത്തേക്ക് വലിച്ചിറക്കി വീണ്ടും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിനാണ് ഗോകുൽ കൃഷ്ണയെ എറണാംകുളം തിരുത്തൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഈ കേസിലെ മറ്റു പ്രതികളായ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട എറണാകുളം ജില്ല പുത്തൻവേലിക്കര സ്വദേശി അറപ്പാട്ട് വീട്ടിൽ ശ്രീഹരി 25 വയസ്സ്, മാള പൊയ്യ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ അനിൽ 26 വയസ്സ്, മാള മേലഡൂർ സ്വദേശി വാടചേക്കൽ വീട്ടിൽ സഞ്ജു 28 വയസ്സ് എന്നിവരെ നേരത്തേ തന്നെ പിടികൂടി റിമാന്റ് ചെയ്തിരുന്നു.
ഗോകുൽ കൃഷ്ണ പുത്തൻവേലിക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം, അടിപിടി, പൊതുസ്ഥലത്ത് ലഹരി ഉപയോഗം, നിരോധി പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി സുക്ഷിക്കുക, എന്നിങ്ങനെയുള്ള ഒൻപത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, സബ്ബ് ഇൻസ്പെക്ടർ അനിൽകുമാർ ഒ പി, എ എസ് ഐ നജീബ്, ജി എസ് സി പി ഒ മാരായ വിപിൻലാൽ, ജിജീഷ്, ഡ്രൈവർ സി പി ഒ മുഹമ്മദ് റംഫാൽ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


