ഇന്ത്യ എന്ന റിപ്പബ്ലിക്കിൽ ഇന്ന് അധികാരത്തിൻ്റെ ഇച്ഛകളെ മാത്രം അടിച്ചേൽപ്പിക്കുകയാണ്. — പ്രൊഫ. സി. രവീന്ദ്രനാഥ്. ഇന്ത്യയിൽ ഭരണകൂടം അധികാരത്തിൻ്റെ ഇച്ഛകളെ അടിച്ചേൽപ്പിക്കുകയാണ്. ജനങ്ങളുടെ ഇച്ഛകളാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനം. ജനാധിപത്യവും സ്വാതന്ത്ര്യവും ഉള്ള ജനതക്കു മാത്രമേ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കൂ. മനുഷ്യവിഭവശേഷിയിൽ ഏറ്റവും മുൻപന്തിയിലുള്ള ഇന്ത്യ ആഗോള മനുഷ്യവികസന സൂചികയിൽ 132-ാം സ്ഥാനത്താകുന്നത് തെറ്റായ സാമ്പത്തിക വിദ്യാഭ്യാസ നയങ്ങൾ കൊണ്ടും ജനാധിപത്യ വിരുദ്ധ പ്രവണതകൾ കൊണ്ടുമാണ്. കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ അന്തരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന സെമിനാറിൽ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എം.എസ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. രാജേഷ് ജില്ലാതല വായനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. മുഷ്താക്ക് അലി, പി.എൻ. ദേവീപ്രസാദ്, യൂ.കെ. സുരേഷ് കുമാർ, ഇ.ആർ. ജോഷി, ആർ പത്മിനി ടീച്ചർ, എൻ.എസ്.ജയൻ, അഡ്വ അഷ്റഫ് സാബാൻ എന്നിവർ സംസാരിച്ചു.


