ന്യൂഡൽഹി: പത്മ തിളക്കത്തിൽ മലയാളികൾ. അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ പുരസ്കാരമുണ്ട്. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. മുൻ സുപ്രീംകോടതി ജഡ്‌ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു.ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോൻ എന്നിവർക്ക് പത്മശ്രീ ലഭിച്ചു. ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി നാരായണന് പത്മവിഭൂഷൺ ലഭിച്ചു. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ കൃഷ്‌ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. ഇന്ത്യയുടെ പ്രൊപ്പൽഷൻ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എ ഇ മുത്തുനായകത്തിന് പത്മശ്രീ ലഭിച്ചു.
അന്തരിച്ച ബോളിവുഡ് താരം ധർമ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. നടൻ മാധവനും പത്മ പുരസ്കാരമുണ്ട്. മാധവന് പത്മശ്രീയാണ് ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, ഹർമൻപ്രീത് കൗർ എന്നിവർക്ക് പത്മശ്രീ ലഭിച്ചു. മുൻക്രിക്കറ്റ് താരം പ്രവീൺ കുമാറിനും പത്മശ്രീ ലഭിച്ചു. അന്തരിച്ച ജെഎംഎം നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന് പത്മഭൂഷണും ക്ലാസിക്കൽ വയലിനിസ്റ്റ് എൻ രാജത്തിന് പത്മവിഭൂഷണും ലഭിച്ചു. ഗായിക അൽക്ക യാഗ്നിക്ക് പത്മഭൂഷണും അമേരിക്കയിൽ നിന്നുള്ള ടെന്നീസ് താരം വിജയ് അമൃത് രാജിന് പത്മഭൂഷണും ലഭിച്ചു.


