1950-ൽ ഗുരുവായൂരപ്പന് പ്രത്യേക വഴിപാട്: 113 കാശ് 12 അണ 8 പൈസ അനുവദിച്ച് സാമൂതിരിയുടെ ചരിത്ര തിട്ടൂരം
ഗുരുവായൂർ: ഭാരതം റിപ്പബ്ലിക് ആയി മാറിയതിന് ഇന്ന് 76 വർഷങ്ങൾ പിന്നിടുമ്പോൾ, രാജ്യത്തിന്റെ ആത്മീയ ചരിത്രത്തിൽ തന്നെ അപൂർവമായി രേഖപ്പെടുത്തിയ ഒരു റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സാക്ഷ്യമാണ് ഗുരുവായൂർ ക്ഷേത്രചരിത്രം.എടപ്പാൾ ശുകപുരം വള്ളത്തോൾ വിദ്യാപീഠത്തിൽ സംരക്ഷിച്ചിരിക്കുന്ന സാമൂതിരി രേഖകൾ പരിശോധിക്കുമ്പോൾ, 1950 ജനുവരി 26, 27 തീയതികളിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂരപ്പന് പ്രത്യേക വഴിപാടുകളും പൂജകളും നടത്തിയതായി വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
പഴമയുടെ പെരുമ നിറഞ്ഞ സാമൂതിരി രേഖകളിൽ, ഗുരുവായൂരപ്പന് പ്രത്യേക വഴിപാട് നടത്തുന്നതിനായി 113 കാശ് 12 അണ 8 പൈസ ചെലവിനായി അനുമതി നൽകി, 1125 കർക്കിടകം 13-ാം തീയതിയിൽ അന്നത്തെ ഗുരുവായൂർ ദേവസ്വം മാനേജർക്കായി കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാൻ പുറപ്പെടുവിച്ച തിട്ടൂരം ഇന്നും ചരിത്ര കൌതുകമായി നിലകൊള്ളുന്നു.
തിട്ടൂരത്തിലെ രേഖ ഇങ്ങനെ പറയുന്നു:“ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 26, 27 തീയതികളിൽ പ്രത്യേക പൂജ മുതലായവ നടത്തിയതിനുള്ള 1359-ാം ഫസലി ചിലവിന്റെ ബിൽ സഹിതം മാനേജർ 29-6-1950-ന് സമർപ്പിച്ച റിപ്പോർട്ട് വായിച്ചു. 113 കാശ് 12 അണ 8 പൈസ ചെലവ് ബിൽ പാസാക്കി ഇതോടൊപ്പം മടക്കി അയച്ചിരിക്കുന്നു.”— കൊല്ലം 1125 കർക്കിടകം 13(സാമൂതിരി രാജ — ഒപ്പ്)
റിപ്പബ്ലിക് ദിനാഘോഷം 76 വർഷങ്ങൾ പിന്നിടുമ്പോൾ, ഗുരുവായൂർ ഇന്ന് ഭാരതത്തിന്റെ ദേശീയ ഭൂപടത്തിൽ ഒരു മഹത്തായ ദേശീയ തീർത്ഥാടന കേന്ദ്രമായി വളർന്നിരിക്കുന്നു. ദിനംപ്രതി ഭക്തജനനിബിഢമായ ഈ പുണ്യനഗരം, ആത്മീയതയുടെയും ദേശീയ ബോധത്തിന്റെയും അപൂർവ സംഗമഭൂമിയായി മാറിയിരിക്കുന്നു.
“ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം!!”എന്ന മഹാവാക്യംപോലെ, ഗുരുവായൂരിന്റെ ചരിത്രം വിശ്വാസത്തിന്റെയും ദേശസ്നേഹത്തിന്റെയും ഒരുമിച്ചൊഴുകുന്ന ധാരയായി തുടരുന്നു.
കടപ്പാട് : രാമയ്യർ പരമേശ്വരൻ
<p>The post റിപ്പബ്ലിക് ദിനചരിത്രത്തിൽ ഗുരുവായൂർ ക്ഷേത്രവും first appeared on guruvayoorOnline.com | Guruvayur Temple.</p>


