മതിലകം : എസ് എൻ പുരം സ്വദേശിയിൽ നിന്ന് ഡൽഹി പോലീസ് ചമഞ്ഞ് 12 ¼ ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയായ വയനാട് കൽപ്പറ്റ സ്വദേശി ഷെബീന മൻസിൽ വീട്ടിൽ മുഹമ്മദ് ഷബാബ് 25 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയനാട് കൽപ്പറ്റയിൽ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് ഉള്ളയാളുകളെ പരിചയപ്പെടുത്തിക്കൊടുത്ത് കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിലുൾപ്പെട്ടതിനാണ് മുഹമ്മദ് ഷബാബിനെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.
07.04.2025 തിയ്യതിയിൽ എസ് എൻ പുരം സ്വദേശിയെ പോലീസ് യൂണിഫോമിൽ വീഡിയോ കോളിൽ വിളിച്ച പ്രതി ഡൽഹി ക്രൈം ഡിപ്പാർട്ട്മെന്റിൽ നിന്നും ആണെന്നും പരാതിക്കാരന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഒരാൾ ഒരു കോടിയിലധികം രൂപ ലോൺ എടുത്തു എന്നും പരാതിക്കാരനെ ഡൽഹി പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ഇത് നാഷണൽ സീക്രട്ട് ആണ് എന്നും ആരോടും പറയരുത് എന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് WHATS APP ലൂടെ സുപ്രിം കോടതിയുടെ വ്യാജ ലെറ്റർ പാഡിൽ ലെറ്റർ അയച്ച് പരാതിക്കാരന്റെ ബാങ്ക് എക്കൌണ്ടിലുള്ള പണം വെരിഫൈ ചെയ്യുന്നതിനായി പ്രതി നോട്ടറി ഡിപ്പാർട്ട്മെന്റിന്റെ എക്കൗണ്ടിലേക്കാണെന്ന് പറഞ്ഞ് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒൺലൈനായി മൂന്ന് തവണകളായി ആകെ 12,25,000/- (പന്ത്രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം) രൂപ അടുത്ത ദിവസം അക്കൗണ്ടിൽ തിരിച്ചുവരുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിയെടുത്തത്.
ഈ കേസ്സിലെ മറ്റൊരു പ്രതിയായ വയനാട് സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് സ്വദേശി മച്ചിങ്ങാതൊടിയിൽ വീട്ടിൽ മുഹമ്മദ് ഫസൽ 23 വയസ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ വിമോദ്, എസ് ഐ വിശാഖ്, ജി എ എസ് ഐ വഹാബ്, ജി എസ് സി പി ഒ ഷനിൽ, സി പി ഒ മുഹമ്മദ് ഷൻസിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


