തൃപ്രയാർ : “കളി മണ്ഡലം” കഥകളി ആസ്വാദക കൂട്ടായ്മയുടേത് ഏതാനും ആസ്വാദകരുടെ കേവലമൊരു ഭ്രാന്ത് എന്നതിലുപരി ഗൗരവമേറിയ യഥാർത്ഥ കളിഭ്രാന്തു തന്നെയാണെന്നത് കാലം തെളിയിച്ചുവെന്ന് കഥകളി നടനും “ഗുരുദേവമാഹാത്മ്യം”ആട്ടക്കഥാകൃത്തുമായ കലാമണ്ഡലം ഗണേശൻ അഭിപ്രായപ്പെട്ടു.
തൃപ്രയാർ “കളിമണ്ഡലം” കഥകളി ആസ്വാദകക്കൂട്ടായ്മയുടെ 18-ാമത് വാർഷികവും ഗുരു – ആശാൻ – മണ്ഡലത്തിൻ്റെ രണ്ടാം വാർഷികവും വലപ്പാട് എങ്ങൂർ ശ്രീ ഭുവനേശ്വരിദേവീക്ഷേത്രം ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.18 ഓളം ആട്ടക്കഥകൾ രചിച്ചിട്ടുള്ളതിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ തിരിച്ചറിയുന്നത് കളിമണ്ഡലത്തിൻ്റെ “ഗുരുദേവമാഹാത്മ്യം”
ആട്ടക്കഥാരചയിതാവെന്ന നിലയിലാണെന്നും ഗണേശൻ കൂട്ടിച്ചേർത്തു.
18-ാമത് കളിമണ്ഡലം പുരസ്ക്കാരം ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ അമ്പിളിക്ക് അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. കളിമണ്ഡലം ഗുരുദേവ പുരസ്ക്കാരം തബലിസ്റ്റ് കെ. ആർ. അജയഘോഷിനും അക്ഷര പുരസ്ക്കാരം എഴുത്തുകാരൻ ശശി കളരിയേലിനും കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സമ്മാനിച്ചു. ശശികളരിയേലിനു വേണ്ടി കവയിത്രി നോമികൃഷ്ണ പുരസ്ക്കാരം ഏറ്റുവാങ്ങി.
വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച തൃപ്രയാർ ചന്ദ്രൻ, കുഞ്ഞിപാത്തുമ്മ , നബീസുമുഹമ്മദ് കുട്ടി, കൈപ്പുള്ളി രാജൻ,ശിവദാസ് കുട്ടമ്പുഴ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കളിമണ്ഡലം സെക്രട്ടറി കെ. ജി. കൃഷ്ണകുമാർ, ട്രഷറർ കെ.ആർ. മധു, ഓട്ടൻ തുള്ളൽ കലാകാരൻ പഴുവിൽ ഗോപിനാഥ്, പാട്ടെഴുത്തുകാരൻ സതീഷ് കുമാർ വിശാഖപട്ടണം എന്നിവർ സംസാരിച്ചു.
തുടർന്ന് തിരുവാതിരക്കളി, കലാമണ്ഡലം സുധീഷും സംഘവും ചേർന്ന് കഥകളിപ്പദങ്ങളും സിനിമാഗാനങ്ങളും കോർത്തിണക്കി അവതരിപ്പിച്ച “സംഗീതസമന്വയ” വും അരങ്ങേറി. ഏങ്ങൂരമ്മ – ഇ.ബി. രാജു സ്മൃതി സ്നേഹവിരുന്നും ഉണ്ടായിരുന്നു.


