ഇരിങ്ങാലക്കുട:യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സോൾവെന്റ് റോഡിൽ കനാൽബേയ്‌സ് സ്വദേശി പരിയാടത്ത് വീട്ടിൽ സുനില(36 )നെയാണ് അറസ്റ്റ് ചെയ്തത്. മാപ്രാണം കുഴിക്കാട്ടുക്കോണം സ്വദേശി കെങ്കയിൽ വീട്ടിൽ അമലി(29)നാണ് മർദനമേറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 25ന് രാത്രി പത്തോടെ നമ്പ്യാൻകാവ് മാപ്രാണം റോഡിലൂടെ സ്‌കൂട്ടറിൽ പോയിരുന്ന അമൽ, ഹോൺ അടിച്ചിട്ടും വഴിയിൽ നിന്നും മാറാത്ത സുനിലുമായി വാക്കേറ്റമുണ്ടായി. തുടർന്നാണ് അമലിനെതിരെ വധശ്രമമുണ്ടായത്. ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ രണ്ട് ക്രിമിനൽക്കേസിലെ പ്രതിയാണ് സുനിലൻ. ഇരിങ്ങാലക്കുട എസ്എച്ച്ഒ എം കെ ഷാജി, എസ്ഐ മാരായ അഭിലാഷ്, ഇ യു സൗമ്യ, ഉദ്യോഗസ്ഥരായ എം എൻ സതീശൻ, ഗിരീഷ്, എം ആർ രഞ്ജിത്ത്, സുജിത്ത് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.


