തൃശൂർ: കോടതി നിർദ്ദേശ പ്രകാരം റവന്യൂവകുപ്പിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായ കേസിൽ സമാന്തര അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു. തൃശൂർ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. മോഷ്ടാവിനെ കണ്ടെത്തുക ദുഷ്കരമാണ്. കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിലും റംലത്തിന്റെ കുടുംബത്തിന് സ്വർണം തിരിച്ച് നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2003 മുതൽ 2022 വരെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും.
2003 ൽ മരിച്ച കാട്ടൂർ സ്വദേശി റംലത്തിൻ്റെ എട്ടര പവൻ സ്വർണാഭരണങ്ങളാണ് കോടതി നിർദ്ദശത്തെത്തുടർന്ന് ആർടിഒ ഓഫീസിൽ സൂക്ഷിച്ചത്. മക്കൾ പ്രായപൂർത്തിയാകുന്നത് വരെ സൂക്ഷിക്കാനാണ് കോടതി ഏൽപ്പിച്ചത്. പ്രായപൂർത്തിയായ ശേഷം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് സ്വർണം മുക്കുപണ്ടമായത് അറിയുന്നത്. കാട്ടൂരിലെ സുലൈഖയുടെ മകൾ റംലത്ത് 2003 ജനുവരി 25 നാണ് മരിച്ചത്. വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം വേണമെന്ന നിർദ്ദേശത്തെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എട്ടര പവന്റെ സ്വർണാഭരണങ്ങളാണ് റംലത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. താലിമാലയും തടവളയും കമ്മലും ഉൾപ്പെടുന്നതായിരുന്നു ആഭരണം. ഭർതൃ വീട്ടുകാരുമായി അത്ര രസത്തിലായിരുന്നില്ല റംലത്തും കുടുംബവും. റംലത്തിൻ്റെ മക്കളാകട്ടെ ചെറിയ കുട്ടികളും. അങ്ങനെ സ്വർണാഭാരണങ്ങൾ പരിശോധിച്ച് രേഖയാക്കി. സൂക്ഷിക്കാനായി കോടതി ചുമതലപ്പെടുത്തിയത് തൃശൂർ എസ്‌ഡിഎം ഓഫീസിലാണ്. കുട്ടികൾ പ്രായപൂർത്തിയായ ശേഷം മാത്രമേ സ്വർണം വിട്ടു കിട്ടൂ എന്നായിരുന്നു വ്യവസ്ഥ. 2022 ൽ സ്വർണം അന്വേഷിച്ചെത്തിയ സുലൈഖയും കുട്ടികളും അറിഞ്ഞത് സ്വർണത്തിന്റെ സ്ഥാനത്തുള്ളത് മുക്കുപണ്ടമെന്നാണ്.സുലൈഖയുടെ പരാതിയിൽ 2022 ൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. 2004 നും 2022 നും ഇടയിലാണ് സ്വർണം നഷ്ടമായത്. നാളിതുവരെയായിട്ടും പൊലീസിന് പ്രതിയെപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലാ കളക്ടരും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. റംലത്തിൻ്റെ മക്കൾ വാടക വീട്ടിലാണ് ഇപ്പോഴും കഴിയുന്നത്. നഷ്‌ടപ്പെട്ട സ്വർണം തിരിച്ചു കിട്ടിയാൽ അടച്ചുറപ്പുള്ള ഒരു വീട് അവർക്ക് വെച്ചു നൽകാമെന്നാണ് ഉമ്മുമ്മ പറയുന്നത്.

