ഗുരുവായൂർ ക്ഷേത്രത്തിലെ പാഞ്ചജന്യം, കൗസ്തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശി പിടിയില്‍.മേവാത്ത് സ്വദേശി മുഹമ്മദ് ഷാനെ (24) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് ഉത്തർപ്രദേശിലെ ഡൻകോറില്‍ നിന്ന് പിടികൂടിയത്. തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ തെളിവുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർ ഓണ്‍ലൈൻ വഴി മുറികള്‍ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ചതിയില്‍പ്പെടുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക സൈറ്റിന് സമാനമായ രീതിയില്‍ നിർമ്മിച്ച വ്യാജ സൈറ്റുകള്‍ വഴിയാണ് പണം തട്ടിയിരുന്നത്. ഓരോ വ്യക്തിയില്‍ നിന്നും തട്ടിയെടുക്കുന്ന തുക താരതമ്യേന കുറവായതിനാല്‍ പലരും പരാതിപ്പെടാറില്ലായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രതിയുടെ അക്കൗണ്ടിലേക്ക് എത്തിയത് ലക്ഷങ്ങളാണ്.പ്രതിയുടെ ബാങ്ക് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 97 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. സമഗ്രമായ പരിശോധന പൂർത്തിയാകുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി കോടികള്‍ കടക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുവായൂർ കൂടാതെ രാജ്യത്തെ മറ്റ് പ്രശസ്ത ക്ഷേത്രങ്ങളുടെ പേരിലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ വലിയൊരു സംഘം പ്രവർത്തിക്കുന്നതായാണ് സൂചന. പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സ്വദേശികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.


