തൃശ്ശൂര്‍ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു. കളക്ടറേറ്റില്‍ എത്തിയ പുതിയ ജില്ലാ കളക്ടറെ ചേംബറില്‍ സ്ഥാനമൊഴിയുന്ന കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും കളക്ട്രേറ്റില്‍ എ.ഡി.എം എ. മനോജും സ്വീകരിച്ചു. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, അസി. കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് എന്നിവര്‍ സന്നിഹിതരായിരുന്നു.
തൃശ്ശൂര്‍ കളക്ടറായിരുന്ന അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍ഗോഡ് ജില്ലാ കളക്ടറായി സ്ഥലംമാറിപ്പോകുന്ന ഒഴിവിലാണ് ശിഖ സുരേന്ദ്രന്റെ നിയമനം. ടൂറിസം വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികെയായിരുന്നു ശിഖ സുരേന്ദ്രന് തൃശ്ശൂര്‍ ജില്ലാ കളക്ടറായി നിയമനം ലഭിക്കുന്നത്.
2018 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായ ശിഖ സുരേന്ദ്രന്‍ 2022 ല്‍ തൃശ്ശൂര്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണറായി ചുമതല വഹിച്ചിട്ടുണ്ട്. കോട്ടയം അസിസ്റ്റന്റ് കളക്ടര്‍, കൊല്ലത്തും ഒറ്റപ്പാലത്തും സബ് കളക്ടര്‍, ആരോഗ്യ- കുടുംബക്ഷേമ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, ലൈഫ് സി.ഇ.ഒ, കേരള ടൂറിസം വികസന കോര്‍പ്പറേഷന്റെ (കെടിഡിസി) മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദം കരസ്ഥമാക്കിയ ശിഖ സുരേന്ദ്രന്‍ എറണാകുളം വടയമ്പാടി സ്വദേശിനിയാണ്. പരേതനായ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ്. അനൂപ് അച്ച്യുതനാണ് ഭര്‍ത്താവ്. നാലുവയസ്സുകാരി സാന്‍വി ശങ്കരി മകളാണ്.


