ഗുരുവായൂർ : ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിന് ഭർത്താവിനും ഭർതൃമാതാവിനും തടവും പിഴയും ശിക്ഷ വിധിച്ചു. ഗുരുവായൂരിലെ ഇരിങ്ങപുറത്തുള്ള ഭർത്തൃ വീട്ടിൽ വെച്ച് യുവതി ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവായ ഇരിങ്ങപ്പുറത്തുള്ള കറുപ്പം വീട്ടിൽ റഷീദ് (40) നേയും മാതാവായ ബീവി (86) യെയും ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്.
ഭർത്താവായ റഷീദിന് മൂന്നുവർഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും പ്രായം കണക്കിലെടുത്ത് ഭർതൃമാതാവ് ബീവിക്ക് 20 ദിവസത്തെ വെറും തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷയായി നൽകി. ഭർത്താവിൽ നിന്നും ഭർതൃമാതാവിൽ നിന്നും കടുത്ത പീഡനങ്ങൾ യുവതിയ്ക്ക് ഏൽക്കേണ്ടി വന്നിരുന്നതായി കോടതി കണ്ടെത്തി.
15 .12 .2018 തീയതി ഉച്ചസമയത്താണ് യുവതി ഗുരുവായൂരിൽ ഇരിങ്ങാപ്പുറത്തുള്ള ഭർത്താവിൻറെ വീട്ടിൽ വെച്ച് ആത്മഹത്യചെയ്തത്. മരിക്കുമ്പോൾ ഇവർക്ക് രണ്ടു ചെറിയ കുട്ടികൾ ഉണ്ടായിരുന്നു. 2015 ൽ നടന്ന വിവാഹത്തിന് സമ്മാനമായി സജ്നയ്ക്ക് ലഭിച്ച 15 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും പ്രതിയായ റഷീദ് സ്വന്തം ആവശ്യങ്ങൾക്കായി എടുത്ത് ഉപയോഗിച്ചു. ശേഷം സ്ഥിരം മദ്യപാനിയായ റഷീദ് മദ്യപിച്ച് വന്ന് ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. ഭർതൃ മാതാവ് ബീവിയിൽ നിന്നും നിരന്തരം മനസികപീഡനം നടന്നിരുന്നു.
യുവതിയുടെ മാതാവിൻറേയും പിതാവിൻറേയും മൊഴികൾ നിർണ്ണായകമായി .പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെയും ആത്മഹത്യ കുറിപ്പ് ഉൾപ്പെടെയുള്ള 27 രേഖകളും ഹാജരാക്കി. ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ഇ. ബാലകൃഷ്ണൻ, കെ.എ. ഫക്രുദീൻ എന്നിവർ അന്വേഷണം നടത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ രജിത്കുമാർ ഹാജരായി. അസിസ്റ്റൻറ് പോലീസ് സബ്ബ് ഇൻസ്പക്ടർ പി.ജെ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.


