പാവറട്ടി : പുളിഞ്ചേരി പടിയിലെ വീട്ടിൽ നിന്നും പത്തുപവനോളമുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ കാസർഗോഡ് ഹോസ്ദുർഗ് സ്വദേശിയായ ഗാർഡർ വളപ്പിൽ വീട്ടിൽ ആഷിഫ് (25) എന്നയാളെയാണ് പാവറട്ടി പോലീസ് പിടികൂടിയത്.
6.5.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം പാവറട്ടി പുളിക്കപറമ്പിലെ വീട്ടിൽ നിന്നും അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം തൂക്കംവരുന്ന സ്വർണ്ണാഭരണങ്ങൾ പ്രതി മോഷണം ചെയ്യുകയായിരുന്നു. ഇക്കാര്യത്തിന് പാവറട്ടി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടേയും നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിനുമിടയിലാണ് സാഗോക്ക് സ്ക്വാഡിൻറെ വാട്സാപ്പ് കൂട്ടായ്മയിൽ മാംഗ്ളൂർ റെയിൽവേ സ്റ്റേഷനിൽ ഒരാളെ ആഭരണവുമായി പിടികൂടിയിട്ടുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഉടൻ തന്നെ അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ സി സി ടിവി ദൃശ്യങ്ങളിൽ കണ്ട പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ പ്രതിക്ക് കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 12 ഓളം കേസുകളുണ്ടെന്നും വ്യക്തമായി.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ് മുഖ് ഐ പി എസിൻറെ നിർദ്ദേശത്തെ തുടർന്ന് ഗുരുവായൂർ എ സി പി സുരേഷ് വിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആൻറണി ജോസഫ് നെറ്റോ, സബ്ഇൻസ്പെക്ടർ അനുരാജ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രജീൻ, വിനീത്, പ്രദീപ്, ഡിജിൻ ദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.



