കേരളത്തിൽ ആശാ വർക്കർമാർക്ക് പ്രതിമാസ ഓണറേറിയം 3000 രൂപ ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ വർദ്ധിപ്പിച്ച സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രി വി ഡി സതീശനും അഭിനന്ദനങ്ങൾ അറിയിച്ച് ആശാ വർക്കർമാർ 3000 വർധനവിൽ ആഹ്ലാദം പ്രകടിപ്പിച്ചു തളിക്കുളത്തെ ആശാ വർക്കർമാർ ലഡു വിതരണം നടത്തി.
പിന്നീട് കേരള പ്രദേശ് ആശാ വർക്കേഴ്സ് ഐ എൻ ടി യു സി തളിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങ് നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രമേശ് അയിനിക്കാട്ട് ഉത്ഘാടനം ചെയ്തു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സമരവും നിരാഹാര സമരങ്ങളും സംഘടിപ്പിച്ചിരുന്നു. 265 ദിവസം നീണ്ട സമരത്തിനൊടുവിൽ, ഹോണറേറിയത്തിൽ മുൻ ഗവൺമെന്റ് 1,000 വർധനവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സമരം നവംബർ 1-ന് താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.
ആശാ വർക്കർമാർ നടത്തിയ സമരത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് ആദ്യ മന്ത്രിസഭ യോഗത്തിൽ നടപ്പിലാക്കിയതെന്ന് ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രമേശ് അയിനിക്കാട്ട് പറഞ്ഞു.
ചടങ്ങിൽ ആശാ വർക്കർ ഇ ബി വിജന അധ്യക്ഷത വഹിച്ചു, തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നീതു പ്രേംലാൽ, മിനി ഉദയകുമാർ, ജിംഷാദ് പി വൈ, തുടങ്ങിയവർ സംസാരിച്ചു



