വല്ലച്ചിറയിൽ സ്വർണ്ണപ്പണിക്കാരനെ വീട്ടിൽ കയറി ആക്രമിച്ച് മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്കൂട്ടറും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് അവിണിശ്ശേരി തോപ്പുവളപ്പിൽ വീട്ടിൽ സഞ്ജയ് (20)നെയാണ് അറസ്റ്റിലായത്.
വല്ലച്ചിറ തട്ടിൽ വീട്ടിൽ ജോണിന്റെ (47) വീട്ടിൽ വെച്ചാണ് അതിക്രമം നടന്നത്. ജോൺ തനിക്ക് സ്വർണ്ണമാല നിർമ്മിച്ചു നൽകിയതിൽ കൃത്രിമം കാണിച്ച് സ്വർണ്ണം മോഷ്ടിച്ചെന്നാരോപിച്ച് സഞ്ജയ്ക്ക് ജോണിനോട് മുൻ വിരോധം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി മെയ് 18-ന് രാത്രി 11.30-ഓടെ സഞ്ജയ് ജോണിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
വീടിനുള്ളിൽ കടന്ന പ്രതി ജോണിനെ മർദ്ദിക്കുകയും, കത്തി ഉപയോഗിച്ച് ജോണിന്റെ ഇരുകൈകളിലും മുറിവേൽപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ജോണിന്റെ സ്കൂട്ടറും മൊബൈൽ ഫോണും ഇയാൾ കവർന്നു. സംഭവത്തിന് ശേഷമുള്ള ദിവസങ്ങളിലും പ്രതി ജോണിനെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ജോണിനെ നിർബന്ധിച്ച് വല്ലച്ചിറ സൊസൈറ്റിയിലെത്തിച്ച് അക്കൗണ്ടിൽ നിന്ന് 30,000 രൂപ പിൻവലിപ്പിച്ച് പണം കൈക്കലാക്കി.




