തൃശ്ശൂർ : വേനലവധി കഴിഞ്ഞ് സ്കൂൾ മണികൾ വീണ്ടും മുഴങ്ങി. അക്ഷരമുറ്റങ്ങൾ പുത്തൻ പ്രതീക്ഷകളോടെ ഉണർന്നു. സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മാള കോട്ടയ്ക്കൽ എസ്.സി.ജി. എച്ച്.എസ്.എസിൽ യുവജനക്ഷേമ, കായികവകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് നിവഹിച്ചു
മാർക്കിന്റെ പേരിൽ വിദ്യാർഥികളെ താരതമ്യം ചെയ്യുന്ന പ്രവണത രക്ഷിതാക്കൾ അവസാനിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടി മികച്ച മകനോ മികച്ച പൗരനോ ആകണമെന്നില്ല. പഠനത്തിന്റെ പേരിൽ വിലയിരുത്തപ്പെടുന്നത് കാരണം വലിയ സമ്മർദ്ദമാണ് ഇക്കാലത്ത് കുട്ടികൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. പോരായ്മകൾ ഉള്ള വിദ്യാർഥികളെ മുന്നോട്ട് കൊണ്ടുവരാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി പറഞ്ഞു.
പ്രവേശനോത്സവത്തിന്റെ പ്രതീകമായി, ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കെ.എസ്. നൂർ സമാൻ എന്ന വിദ്യാർത്ഥിക്ക് മന്ത്രി ഹരിശ്രീ കുറിച്ച് അക്ഷരവെളിച്ചം പകർന്നു. വിദ്യാർഥികൾക്കുള്ള പഠനകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർഥിയായ പി.ഡി. ഡെൽവിന് നൽകി അദ്ദേഹം നിർവ്വഹിച്ചു.
പുതിയ അധ്യയനവർഷത്തോടനുബന്ധിച്ച് വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് ലഹരിമാഫിയയെ തടയുന്നതിനായി സംസ്ഥാന പോലീസ് ആരംഭിച്ച ആന്റി-ഡ്രഗ് ക്യാമ്പയിൻ ‘തുഫാൻ’ (ദി നാർക്കോ ഹണ്ട്)ന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി പരിപാടിയിൽ നിർവഹിച്ചു. തൃശൂർ റൂറൽ പരിധിയിലെ 500 സ്കൂളുകളിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത നെയിം സ്ലിപ്പുകൾ ഇതിന്റെ ഭാഗമായി വിതരണം ചെയ്യും.
എസ്.സി.ജി. എച്ച്.എസ്.എസിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്മരണിക മന്ത്രി ഒ. ജെ. ജനീഷ് പ്രകാശനം ചെയ്തു. സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് ആയ സി. ജാനറ്റിനെ ചടങ്ങിൽ ആദരിച്ചു. പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളിനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം പ്രധാനാധ്യാപിക സി. ഗ്രേസ് മരിയ ഏറ്റുവാങ്ങി. പ്ലസ് ടു പരീക്ഷയിൽ ബയോ സയൻസ് വിഭാഗത്തിൽ 1200-ൽ 1200 മാർക്കും വാങ്ങിയ കെ. എം. അസമിനെയും പരിപാടിയിൽ ആദരിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ഡി.പി.ഒ കെ.ബി. ബ്രിജി പദ്ധതി വിശദീകരണം നടത്തി.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ, കുഴുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവിയർ, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ്, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സാജൻ കൊടിയൻ, കാവ്യ രഞ്ജിത്ത്, വിദ്യാഭ്യാസ ഉപഡയറക്ടർ രോഹിത് നന്ദകുമാർ, സ്കൂൾ പ്രിൻസിപ്പൽ സി. അനറ്റ് സി.എം.സി, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
226 സർക്കാർ സ്കൂളുകളും 664 എയ്ഡഡ് സ്കൂളുകളും 77 അൺഎയ്ഡഡ് സ്കൂളുകളുമടക്കം ജില്ലയിലെ 1007 സ്കൂളുകളിലാണ് വിപുലമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചത്.



