ഇരിങ്ങാലക്കുട: മാപ്രാണത്ത് പട്ടാപകൽ വയോധിക ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി മോക്ഷണശ്രമം നടത്തുകയും, അവരെ കൈയേറ്റം ചെയ്യാൻ തുനിയുകയും ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ സാഹസികമായി തടഞ്ഞ ഓട്ടോ ഡ്രൈവർ അജിയ്ക്ക് നാടിന്റെ ആദരം. സ്വന്തം കാര്യം മാത്രം നോക്കി മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന ഇന്നത്തെ സമൂഹത്തിൽ, അജിയുടെ അവസരോചിതമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്. നാടിന് തന്നെ മാതൃകയായ ഈ ധീരതയെ മുൻനിർത്തി ഡിവൈഎഫ്ഐ മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന് ആദരവ് നൽകിയത്.
ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ കെ.ഡി യദു അജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. മാപ്രാണം മേഖല സെക്രട്ടറി പി.എം യദുകൃഷ്ണ ഉപഹാരം സമർപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം അദൃശ്യ, മേഖല ട്രഷറർ സൂരജ് സുധാകരൻ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ ജഗൽ, ശ്രീരഞ്ജിനി, പ്രവീൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപകടകരമായ സാഹചര്യത്തിലും ജീവൻ പോലും തൃണവൽക്കരിച്ച് വയോധികർക്ക് തുണയായ അജിയുടെ ധീരതയെ ചടങ്ങിൽ പങ്കെടുത്തവർ ഒന്നടങ്കം പ്രകീർത്തിച്ചു.



