PUDUKAD-NEWS-PUTHUKAD-NEWS

വികസനവിഷയങ്ങൾ ചർച്ച ചെയ്ത് ജില്ലാ വികസന സമിതി യോ​ഗം.

ദേശീയപാതാ വികസനം, വനമേഖലകളിലെ എഐ ക്യാമറ സ്ഥാപിക്കൽ, പുതുക്കാട് ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക്, പാർക്കിങ് പ്രശ്നങ്ങൾ, മലയോ​ര ഹൈവേക്കായി സ്ഥലമേറ്റെടുക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച് ചെയ്ത് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോ​ഗം.
വനമേഖലകളിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചാലക്കുടി ഡി.എഫ്.ഒ അറിയിച്ചു. പരിയാരം റേഞ്ചിലെ വിവിധയിടങ്ങളിൽ ഇതിനകം തന്നെ എഐ ക്യാമറകൾ സ്ഥാപിച്ച് ഒരു മാസത്തെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും, ജെം പോർട്ടൽ വഴി ക്യാമറകൾ ഉടൻ വാങ്ങി സ്ഥാപിക്കുമെന്നും ഡി.എഫ്.ഒ യോഗത്തെ അറിയിച്ചു.
ദേശീയപാത 544-ൽ ആമ്പല്ലൂർ ജംഗ്ഷൻ മുതൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപമുള്ള അനധികൃത പാർക്കിം​ഗ് തടയുന്നതിന് ജില്ലാകളക്ടർ നിർദ്ദേശം നൽകി. ടോൾ പ്ലാസയ്ക്ക് സമീപമുള്ള കംഫർട്ട് സ്റ്റേഷനുകളിലേക്കും ചായക്കടകളിലേക്കും വരുന്ന വലിയകളും ചെറിയതുമായ വാഹനങ്ങൾ റോഡരികിൽ ലക്ഷ്യരഹിതമായി നിർത്തിയിടുന്നത് തടയാൻ പുതുക്കാട് എസ്എച്ച്ഒയ്ക്കും ഹൈവേ പോലീസിനും നിർദ്ദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി (റൂറൽ) യോഗത്തിൽ അറിയിച്ചു.
ചാലക്കുടി സബ് ഡിവിഷനിലെ സെക്ടർ ഡ്യൂട്ടി ഉദ്യോഗസ്ഥരെയും ഇതിനായി പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ‘നോ പാർക്കിം​ഗ്’ ബോർഡ് സ്ഥാപിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ആംബുലൻസുകൾക്ക് പോലും സുഗമമായി കടന്നുപോകാൻ കഴിയാത്ത രീതിയിൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യം കെ.കെ. രാമചന്ദ്രൻ എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നടപടി.
ചാലക്കുടി നിയോജകമണ്ഡലത്തിൽ അരിവിതരണത്തിലെ മെല്ലെപ്പോക്ക് തടയുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന് സനീഷ്കുമാർ ജോസഫ് എം.എൽ.എ സിവിൽ സപ്ലൈസ് ഉ​ദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടു. ചാലക്കുടി കോടതി കെട്ടിടനിർമാണം വേ​ഗത്തിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വീയപുരം ഐ.ടി.ഐയുടെ നിർമാണപ്രവൃത്തി ഒരുമാസത്തിനകം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാ​ഗം അറിയിച്ചു.
ദേശീയപാത അതോറിറ്റിയുമായി കൂടിയാലോചിച്ച് നാട്ടിക സെന്ററിൽ പുതിയ മേൽപ്പാലം നിർമ്മിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. കയ്പമംഗലം നിയോജകമണ്ഡലത്തിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളുടെയും ഡ്രൈനേജുകളുടെയും പണികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ,
വിദ്യാർത്ഥികൾക്ക് നടന്നുപോകുന്നതിനായി അടിയന്തിരമായി സുരക്ഷിതമായ ഫുട്പാത്ത് സൗകര്യം ഒരുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നിലവിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി വിവിധ സ്കൂൾ ജംഗ്ഷനുകളിൽ ട്രാഫിക് വാർഡൻമാരെ നിയമിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.
തീരദേശ ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സർവേ നടപടികൾ പുരോഗമിക്കുകയാണെന്ന് റവന്യൂ, സർവേ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടപ്പുറം, വാടാനപ്പിള്ളി, വലപ്പാട്, കടിക്കാട്, പുന്നയൂർ ഉൾപ്പെടെയുള്ള വില്ലേജുകളിലെ സർവേ ജോലികൾ നടന്നു വരികയാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ സർവെ യോഗത്തിൽ വിശദീകരിച്ചു. തെക്കുംകര, മണലിത്തറ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും കിള്ളന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ബിഡിങ് നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അറിയിച്ചു.
നാട്ടികയിൽ ഷി​ഗല്ല പ്രതിരോധ-ഫീൽഡ് പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഇവിടെ സൂപ്പർ ക്ലോറിനേഷൻ ഡ്രൈവും വിപുലമായ ബോധവത്കരണവും നടത്തുന്നുണ്ട്. രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്തുന്നതിനായി പ്രദേശത്തെ ജലസാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
ജി.എച്ച്.എസ് മണത്തല സ്കൂളിൽ സെപ്റ്റിക് ടാങ്ക് നിർമ്മാണം ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും കിറ്റ്കോയ്ക്കും കളക്ടർ നിർദ്ദേശം നൽകി.
കളക്ട്രറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ സനീഷ്കുമാർ ജോസഫ്, എൻ.കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, ഗീത ഗോപി, കെ.കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി. ജോസഫ്, കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ പ്രതിനിധി രാജേഷ് നായർ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  അടിയന്തരാവസ്ഥയുടെ വാർഷിക ദിനാചരണത്തിൽ ജയിൽവാസം അനുഭവിച്ചവർക്ക് ആദരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top