അന്തിക്കാട്: കർഷകർക്ക് മികച്ച വിപണന സാധ്യതകളും കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നാട്ടിക MLA ഗീത ഗോപി നിർവ്വഹിച്ചു.
അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഇത്തരം ചന്തകൾ പ്രാദേശിക കർഷകർക്ക് വലിയ താങ്ങാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി വസന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.പി. സന്ദീപ്, സലീഖ ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.
വിവിധ പഞ്ചായത്ത് ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധയിനം ഫലവൃക്ഷത്തൈകൾ, പച്ചക്കറി വിത്തുകൾ, ജൈവവളങ്ങൾ എന്നിവയും പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങളും ചന്തയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.



