ചാലക്കുടി : തമിഴ്നാട് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള TN 01 AN 0289 നമ്പർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന്റെ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർത്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. 2018 ഡിസംബർ 30-ന് രാത്രി 10.15 ഓടെ ചാലക്കുടി കോടതി ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്. കല്ലേറിൽ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നതിനെ തുടർന്ന് ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
സംഭവത്തിൽ ചാലക്കുടി മൂഞ്ഞേലി സ്വദേശി ഗോപുരതിങ്കൽ വീട്ടിൽ അജു പോൾ (47) എന്നയാളെ പിറ്റേ ദിവസം തന്നെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി ജാമ്യം ലഭിച്ച ഇയാൾ കേസിന്റെ വിചാരണ നടപടികളിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. ഇതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചു.
വാറണ്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ജോർജ്ജ്, സി പി ഒ റെജിൻ രാജ്, സി പി ഒ അക്ഷയ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



