പുതുക്കാട്: കിഫ്ബി (KIIFB) ഫണ്ടിൽ നിന്ന് 73 കോടി രൂപ ചെലവഴിച്ച് ആധുനിക സാങ്കേതികവിദ്യയോടെ നവീകരിക്കുന്ന പുതുക്കാട് – മുപ്ലിയം – കോടാലി റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കുന്നതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
റോഡ് നവീകരണത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ നിലവിൽ വേഗത്തിൽ പുരോഗമിക്കുകയാണ്.
ഉദ്ഘാടനത്തിന് ശേഷം കരാർ ലഭിച്ച ബാബ് കൺസ്ട്രക്ഷൻ പ്രാഥമിക പ്രവൃത്തികൾ ആരംഭിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും നിലവിൽ വന്നതിനാൽ കരാർ ഒപ്പുവെക്കാൻ സാധിച്ചിരുന്നില്ല. പുതിയ സർക്കാർ നിലവിൽ വന്ന ശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട പദ്ധതികൾ പരിശോധിച്ചതിനെ തുടർന്ന് ഇപ്പോൾ നിർമ്മാണ കരാർ നടപടികൾ ഔദ്യോഗികമായി പൂർത്തിയായിട്ടുണ്ട്.
ആഗസ്റ്റ് 19-ന് ജനകീയ അവലോകന യോഗം
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ആഗസ്റ്റ് 19-ന് ഉച്ചയ്ക്ക് 1.30-ന് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേരുമെന്ന് എം.എൽ.എ അറിയിച്ചു.
പുതുക്കാട്, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള ജനകീയ സമിതി അംഗങ്ങളും കിഫ്ബി, കെ.ആർ.എഫ്.ബി (KRFB) ഉദ്യോഗസ്ഥരും കരാർ കമ്പനിയുടെ പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുക്കും. നാടിന്റെ വികസനത്തിന് നിർണ്ണായകമായ റോഡ് നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.



