ഇരിങ്ങാലക്കുട : കല്ലൂർ വില്ലേജിൽപ്പെട്ട ഭരതദേശത്ത് നടത്തിയ പരിശോധനയിൽ നാല് പൊതികളിലായി ചാക്കിൽ സൂക്ഷിച്ച 7.200 കിലോ കഞ്ചാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി. മൊത്ത വിതരണത്തിനായി സൂക്ഷിച്ച ലഹരി വസ്തുക്കളാണ് പരിശോധനയിൽ കണ്ടെടുത്തത്.
വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറിൻ്റെ നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസയിൽ വാഹന പരിശോധന നടത്തി വരുന്നതിനിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
അസി എക്സൈസ് ഇൻസ്പെക്ടർ വി.പി. ഉണ്ണികൃഷ്ണൻ, ഗ്രേഡ് അസി എക്സൈസ് ഇൻസ്പെക്ടർമാരായ പി.എം. ബാബു, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഡ്രൈവർ കെ.കെ. സുധീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസിലെ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


