തൃശൂർ: റെയിൽവേ സ്‌റ്റേഷനിലെ പാർക്കിങ് ഏരിയയിലുണ്ടായ വൻ തീപിടിത്തം ലഘൂകരിക്കാൻ റെയിൽവേയുടെ ശ്രമം. തീപിടിത്തതിൽ ‘കുറച്ച് ഇരുചക്ര വാഹനങ്ങളാണ് കത്തിയത്’ എന്നാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാധ്യമ പ്രവർത്തകർക്കുള്ള വാർത്താക്കുറിപ്പിലുള്ളത്. ഞായർ രാവിലെ 6.30നുണ്ടായ തീപിടിത്തം അര മണിക്കൂറിനുള്ളിൽ തന്നെ കെടുത്തിയെന്നാണ് അവകാശവാദം. എന്നാൽ രണ്ടു മണിക്കൂറോളം സമയമെടുത്താണ് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയത്. പിന്നെയും മണിക്കുറുകളെടുത്താണ് തീ പൂർണമായും അണച്ചത്. 30,000 ലിറ്ററിലധികം വെള്ളമാണ് ഉപയോഗിച്ചത്. 300ഓളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ ഭൂരിപക്ഷം വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. യാഥാർഥ്യം ഇതായിരിക്കെയാണ് ചെറിയ തീപിടിത്തമാക്കി ലഘൂകരിക്കാൻ റെയിൽവേ ശ്രമിക്കുന്നത്.


