പെരിഞ്ഞനം: ഇന്നലെ വൈകീട്ട് പെരിഞ്ഞനത്ത് നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ നിന്നും പുറപ്പെട്ട ആലിങ്ങലമ്മ എന്ന വെള്ളത്തിലെ തൊഴിലാളികളെയാണ് കാണാതായത്. പെരിഞ്ഞനം സ്വദേശികളായ കുഞ്ഞുമാക്കാൻ ബാലൻ, പടിഞ്ഞാറേക്കൂട്ട് ജ്യോതി, പള്ളത്ത് സുനി, അന്തിക്കാട്ട് മുകേഷ് എന്നിവരാണ് വള്ളത്തിൽ ഉള്ളത്. ഇന്നലെ വൈകീട്ട് 5 മണിക്കാണ് ഇവർ മീൻപിടിത്തത്തിനായി കടലിലേക്ക് ഇറങ്ങിയത്. ഇവരോടൊപ്പം പുറപ്പെട്ട മറ്റെല്ലാ വള്ളങ്ങളും രാത്രി തന്നെ തിരിച്ചെത്തിയിരുന്നു. സാധാരണ രാത്രി 8 മണിയോടെ തിരിച്ചെത്താറുള്ള ഇവരുടെ വള്ളം ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ആരെയും കിട്ടിയിട്ടില്ല.
പോലീസും മറ്റ് തൊഴിലാളികളും ചേർന്ന് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല. അഴീക്കോട് കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തുന്നുണ്ട്, കൊച്ചിയിൽ നിന്നും കോസ്റ്റ്ഗാർഡിൻ്റെ സഹായവും തേടിയിട്ടുണ്ട്. നാല് പേർക്ക് കയറാവുന്ന ഫൈബർ വള്ളമാണ് കാണാതായിട്ടുള്ളത്, ദിശ തെറ്റിയതോ എൻജിൻ നിലച്ചതോ ആകാമെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെ മുതൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്


