പുള്ള്: വീട് നിർമ്മാണത്തിന് സഹായമഭ്യർത്ഥിച്ചെത്തിയപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച് വിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധൻ്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ച വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ കൈമാറി. തുടർന്ന് പുള്ളിൽ സംഘടിപ്പിച്ച ആത്മാഭിമാന സദസ്സ് ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ അധ്യക്ഷനായി. ചേർപ്പ് ഏരിയ സെക്രട്ടറി എ.എസ്. ദിനകരൻ, കർഷകസംഘം ജില്ലാ പ്രസിഡൻ്റ് പി.ആർ. വർഗ്ഗീസ്, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. അനിൽ, കെ.എസ്. മോഹൻദാസ്, പി. ചന്ദ്രൻ, സെബി ജോസഫ്, വി.ആർ. ബിജു, ടി.ആർ. മീര, ചാഴൂർ ലോക്കൽ സെക്രട്ടറി കെ ഗോപി, ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷില്ലി ജിജുമോൻ, എന്നിവർ സംസാരിച്ചു. 2024 സെപ്തം. 12നാണ് തെങ്ങ് വീണ് തകർന്ന വീട് അറ്റകുറ്റപണി നടത്തുന്നതിന് സഹായമഭ്യർത്ഥിച്ച് പുള്ളിൽ കലുങ്ക് സംവാദത്തിനെത്തിയ സുരേഷ് ഗോപിയെ കൊച്ചുവേലായുധൻ സമീപിച്ചത്. “ഇതൊന്നും എൻ്റെ പണിയല്ല” എന്ന് പറഞ്ഞ് അപേക്ഷ സ്വീകരിക്കാതെ കൊച്ചു വേലായുധനെ മടക്കി അയച്ചു. അപമാനിതനായി തിരിച്ച് കൊച്ചുവേലായുധൻ പോകുന്ന വീഡിയൊ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വിവരമറിഞ്ഞ് അടുത്ത ദിവസം കൊച്ചു വേലായുധൻ്റെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ കൊച്ചുവേലായുധന് സിപിഎം പുതിയ വീട് നൽകുമെന്ന് അറിയിച്ചു. തുടർന്നാണ് നാട്ടുകാരുടെയും ചേർപ്പ് ഏരിയായിലെ പാർട്ടി അംഗങ്ങളുടെയും സഹായത്തോടെ 11.5 ലക്ഷം രൂപ ചെലവ് ചെയ്ത് രണ്ട് കിടപ്പ് മുറികളും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് 3 മാസം കൊണ്ട് നിർമ്മിച്ചത്.
The post കൊച്ചു വേലായുധന് സിപിഎം നിർമ്മിച്ച വീട് കൈമാറി appeared first on News One Thrissur.


