തൃശൂർ: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നിത്യവിസ്‌മയ ഭാവ നാദം നിലച്ചിട്ട് ഒരാണ്ട്. അനശ്വരഗാനങ്ങളിലൂടെ പി ജയചന്ദ്രൻ സൃഷ്ടിച്ച ഭാവ വസന്തം ഇപ്പോഴും ഹൃദയങ്ങളിൽ തളിർക്കുകയും പൂക്കുകയും ചെയ്യുന്നു. സിനിമാഗാനമായും ലളിത ഗാനമായും ഭക്തിഗാനമായും അദ്ദേഹത്തിൻ്റെ ഭാവവിസ്‌മയ ശബ്ദം സംഗീതക്കടലിലേക്ക് പുതുമ തെല്ലും നഷ്ടപ്പെടാതെ ഒഴുകുകയാണ്. ആറ് പതിറ്റാണ്ട് കൊണ്ട് അദ്ദേഹം പാടിയ പാട്ടുകളിൽ ഇപ്പോഴും തലചായ്ക്കുന്നവർ നിരവധി. അർബുദബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം 2025 ജനുവരി ഒമ്പതിന് രാത്രി 7.45നാണ് മരിച്ചത്. 81 വയസ്സായിരുന്നു. 16,000ത്തിലധികം ഗാനങ്ങൾ പാടി. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്‌കാരം അഞ്ചുതവണയും ദേശീയ പുരസ്‌കാരം ഒരു തവണയും ജെ സി ഡാനിയേൽ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. “രാസാത്തി ഉന്നെ കാണാതെ നെഞ്ച്’ എന്ന ഗാനത്തിലൂടെ തമിഴക ഹൃദയം കവരാൻ അദ്ദേഹത്തിന് അനായാസം കഴിഞ്ഞു. 1994 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്ര കുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനായാണ് ജയചന്ദ്രൻ്റെ ജനനം.സിനിമയിൽ ആദ്യാവസരം ലഭിക്കുന്നത് 21-ാം വയസ്സിൽ. കുഞ്ഞാലി മരയ്ക്കാറിലെ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്നതാണ് ആദ്യ ഗാനം. എന്നാൽ, ആദ്യം പുറത്തുവന്നത് മലയാളികളുടെ എക്കാലെത്തെയും പ്രിയ ഗാനമായ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’. പ്രണയഗാനങ്ങൾക്ക് തൻ്റേതായ ഭാവസൗന്ദര്യം പകർന്നതോടെ പി ജയചന്ദ്രൻ മലയാളികളുടെ പ്രിയ ഭാവഗായകനായി.


