തൃശൂർ :കണ്ണൂർ ഇരിട്ടിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുകളുമായി ചാലക്കുടി സ്വദേശികളായ രണ്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ. ചാലക്കുടി മാരാംകോട് സ്വദേശികളായ വിതയത്ത് വീട്ടിൽ ജിബിൻ, പൊന്നാരി വീട്ടിൽ ലിബിൻ എന്നിവരാണ് പിടിയിലായത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രി സമീപത്തുനിന്നാണ് പ്രതികളെ വനം ഇന്റലിജൻസ് പിടികൂടിയത്. ആനക്കൊമ്പ് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട്‌കൈ സ്വദേശി തട്ടകം ഡേവിസ്, കണ്ണൂർ ഇരിട്ടി സ്വദേശി റെജി, ചാലക്കുടി സ്വദേശി ജ്യോതിഷ് എന്നിവർ രക്ഷപ്പെട്ടു. പ്രതികളെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി.


