ഇരിങ്ങാലക്കുട: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് എട്ടുലക്ഷം തട്ടിയ കേസിലെ പ്രതികളിൽ ഒരാളെ മംഗളൂരു വിമാനത്താവളത്തിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പാമ്പു വീട്ടിൽ ഫർഷാദിനെ(24)യാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം പിടികൂടിയത്. 2024 മാർച്ച് നാലിനും അഞ്ചിനുമാണ് കേസിനാസ്‌പദമായ സംഭവം. പ്രതികൾ പുല്ലൂർ പുളിഞ്ചോട് സ്വദേശിയായ വീട്ടമ്മയെ മൊബൈൽ ഫോണിൽ വിളിച്ച് മുംബൈ പൊലീസിലെ സിബിഐ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടമ്മയുടെ ആധാർ നമ്പർ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും അതിന് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അറിയിച്ച പ്രതികൾ തെളിവിലേക്കായി സുപ്രീം കോടതിയുടേതെന്ന് പറഞ്ഞ് വെബ്സൈറ്റ് വഴി വ്യാജ എഫ്ഐആർ അയച്ച് നൽകി. ബാങ്ക് അക്കൗണ്ടുകൾ വെരിഫൈ ചെയ്യണമെന്നു പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണ് എട്ട് ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ പണത്തിൽനിന്ന് 4,90,000 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ഫർഷാദിനെ അറസ്റ്റ് ചെയ്‌തത്. കേസിൽ ഉൾപ്പെട്ടതിനു ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ അബുദാബിയിൽനിന്ന് നാട്ടിലേക്ക് മടങ്ങി വരുന്നതിനായി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ലുക്കൗട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. തുടർന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരിങ്ങാലക്കുട എസ്എച്ച്ഒ എം കെ ഷാജി, ജി എസ്ഐഎം എ മുഹമ്മദ് റാഷി, ജിഎസ്സിപിഒ എം ആർ രഞ്ജിത്ത്, സിപിഒമാരായ എം എം ഷാബു, മുരളികൃഷ്ണ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.


