കൊടുങ്ങല്ലൂർ–ഷൊർണ്ണൂർ സംസ്ഥാനപാതയിൽ റോഡപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി തൃശൂർ റൂറൽ പോലീസ്.
യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും, ബസ് സർവീസുകളുടെ നടത്തിപ്പിൽ അച്ചടക്കവും ശാസ്ത്രീയതയും പുലർത്തണമെന്നും ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത യോഗത്തിൽ ബസ് ഉടമകളോട് ആവശ്യപ്പെട്ടു. ബസുകളുടെ സമയക്രമം സംബന്ധിച്ച് ഉണ്ടാകുന്ന തർക്കങ്ങളും മത്സരയോട്ടവും അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബസ് ഉടമകളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
സ്വകാര്യ ബസുകളിൽ ഡ്രൈവർമാർ, കണ്ടക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരായി ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിയമിക്കുന്നത് കർശനമായി ഒഴിവാക്കണം.
ബസ് ഉടമകൾ ജീവനക്കാരുടെ നിയമനത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.
ഫുട്പാത്തുകളിലും നിരോധിത പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് തടയുന്നതിനായി കർശന പരിശോധനകൾ നടത്താനും, വെള്ളാങ്കല്ലൂർ മേഖലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ പോലീസ് സേനയെ വിന്യസിക്കാനും യോഗത്തിൽ തീരുമാനമായി. ഇതിനായി
പ്രത്യേക പരിശോധനകൾ നടത്താനും തീരുമാനമെടുത്തു.


