ചാലക്കുടി:തെരുവുനായകളെ ഭയന്ന് പുറത്തിറങ്ങാനാകാതെ ചാലക്കുടിക്കാർ. തിങ്കളാഴ്‌ച വീണ്ടും അഞ്ച് പേർക്ക് കൂടി കടിയേറ്റു. നഗരസഭ ബസ് സ്റ്റാൻഡിലാണ് തെരുവുനായ ഓടിച്ചിട്ട് ആക്രമിച്ചത്. പരിക്കേറ്റവർക്ക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഇതോടെ തുടർച്ചയായി മൂന്ന് ദിവസം തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ എണ്ണം പതിനഞ്ചായി. മലപ്പുറം വളാഞ്ചേരി പുളിക്കപറമ്പിൽ അജ്‌മൽ(27), കോഴിക്കോട് പള്ളിക്കൽ ബസാർ സ്വദേശി അരുൺ(32), ആന്ധ്രപ്രദേശ് സ്വദേശി ജാഫർ(30), തമിഴ്‌നാട് സ്വദേശി പെരിയ സ്വാമി(53), നിർമ്മ പ്രസിലെ ജീവനക്കാരൻ തിലകൻ(41)എന്നിവരെയാണ് തിങ്കളാഴ്ച നായ കടിച്ച് പരിക്കേൽപ്പിച്ചത്. ഒരു നായ തന്നെയാണ് അഞ്ച് പേരേയും പലസമയങ്ങളിലായി കടിച്ചത്. ഞായറാഴ്‌ച നോർത്ത് ജങ്ഷനിലും ശനിയാഴ്‌ച മാർക്കറ്റിലും തെരുവ് നായ ആക്രമണമുണ്ടായി. എന്നാൽ തെരുവ് നായ ശല്യം പരിഹരിക്കാൻ നഗരസഭയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്.


