തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് വ്യത്യസ്തമായ രീതിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ വേദിയിലായിരുന്നു സംഭവം.രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ വരിയുൾപ്പെടുന്ന കപ്പുമായാണ് മുഖ്യമന്ത്രി സത്യാഗ്രഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ‘Love you to moon and back’ എന്ന അതിജീവിതയുടെ വാക്കുകളായിരുന്നു കപ്പിലുണ്ടായിരുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ വൈകാരിക കുറിപ്പുമായി അതിജീവിത രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നൽകിയ അതിജീവിതയായിരുന്നു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ദൈവത്തിന് നന്ദിയെന്നും വേദനകൾക്കും വഞ്ചനകൾക്കും ഇടയിൽ ദൈവം അംഗീകരിച്ചുവെന്നും അതിജീവിത പ്രതികരിച്ചിരുന്നു. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാതെ പോയ നിലവിളികൾ നീ കേട്ടു, ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ തുണയായെന്നും യുവതി പറഞ്ഞിരുന്നു. ഈ കുറിപ്പിലാണ് ‘Love you to moon and back’ എന്ന വാചകവും അതിജീവിത എഴുതിയിരുന്നത്.


