പാറളം പഞ്ചായത്തിൽ കോൺഗ്രസിലെ റോസ് മേരി അപേഷിനെ പ്രസിഡന്റായും നിഖിൽ പള്ളിപ്പുറത്തെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു

ചേർപ്പ്: അവിശ്വാസ പ്രമേയത്തെ തുടർന്ന് ബിജെപി ഭരണം കൈവിട്ട പാറളം ഗ്രാമപഞ്ചായത്ത് ഭരണ നേതൃത്വം കോൺഗ്രസിന്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ റോസ്മേരി അപേഷിനെയും വൈസ് പ്രസിഡന്റായി നിഖിൽ പള്ളിപ്പുറത്തിനെയും തിരഞ്ഞെടുത്തു. രണ്ട് സിപിഐ അംഗങ്ങൾ നൽകിയ പിന്തുണയാണ് വിജയം ഉറപ്പാക്കിയത്. ആറിനെതിരെ എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. സിപിഎമ്മിൻ്റെ മൂന്ന് അംഗങ്ങളടെ വോട്ട് അസാധുവായി. നിലവിൽ പാറളം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറാണ് റോസ് മേരി അപേഷ്. നിഖിൽ പതിനഞ്ചാം വാർഡ് മെമ്പറും. വ്യാഴാഴ്ച രാവിലെ പ്രസിഡന്റ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടപ്പും നടന്നു. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിജെപിയിലെ അനിത പ്രസന്നൻ, വൈസ് പ്രസിഡന്റ് മനോജ് അയ്യപ്പത്ത് എന്നിവർക്കെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. പതിനേഴംഗ ഭരണസമിതിയിൽ ആറിനെതിരെ പത്ത് വോട്ടുകൾക്ക് അവിശ്വാസ പ്രമേയം പാസായത്. വോട്ടെടുപ്പിൽ ഒരു കോൺഗ്രസ് അംഗത്തിൻ്റെ വോട്ട് അസാധുവായിരുന്നു. അവിശ്വാസ പ്രമേയത്തിന് അഞ്ച് എൽഡിഎഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. ഭരണസമിതിയിൽ കോൺഗ്രസിനും, ബിജെപിക്കും ആറ് വീതവും എൽഡിഎഫിൽ സിപിഐക്ക് മൂന്ന് അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്.





