നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരവുമായി വലപ്പാട് സ്വദേശി അറസ്റ്റിൽ

🌐 Select your Language:
Current: മലയാളം
തൃപ്രയാർ : സ്കൂൾ കുട്ടികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിവന്ന സംഘത്തിലെ പ്രധാനിയും സ്റ്റേഷൻ റൗഡിയുമായ വലപ്പാട് സ്വദേശി അറസ്റ്റിൽ. വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ ദിലീപ് (54) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജീവ് വി.ആറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയുടെ വീടിനുള്ളിൽ ചാക്കുകളിലാക്കിയും ഇയാൾ ഉപയോഗിച്ചിരുന്ന ‘ ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലുമായി സൂക്ഷിച്ചിരുന്ന 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻശേഖരം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെയും പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും എക്സൈസ് സംഘം വലപ്പാട് പോലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.Get more updates from Pudukad News on Google





