loader image

തീരക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോടുചേർന്ന് കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി ഗ്രേസ്സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക മിന്നൽ കോമ്പിങ്ങ് ഓപ്പറേഷന്റെ ഭാഗമായാണ്
മലപ്പുറം ജില്ലയിലെ പൊന്നാനി അഴീക്കൽ സ്വദേശി കോയാലിക്കാനകത്ത് വീട്ടിൽ നൈനാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇസാത്ത് രണ്ട് എന്ന ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴിക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററിൽ പരസ്യ ലേലം ചെയ്ത്‌ ലഭിച്ച 8,500 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും 90,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്. കരവലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. തീരക്കടലില്‍ നിന്നും കൂട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യ സമ്പത്ത് കുറയാനിടയാക്കുകയും ഇതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയാൻ ഇടവരികയും ചെയ്യും.
മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസി വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, റെസ്‌ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ്, സിജീഷ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്. വരും ദിവസങ്ങളിൽ തീരക്കടലിലും ഹാർബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിന്റെ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു.

Spread the love
See also  കോടന്നൂർ പി.എസ്.സി സഹകരണ സംഘത്തിൻ്റെ അഭിമുഖ്യത്തിൽ എഴുപത്തേഴാം ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close