"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

വേദനകളെ മധുരസംഗീതമാക്കി മാറ്റിയ കലാകാരനാണ് ഹൈദരലി: കലാമണ്ഡലം ഗോപി

October 27, 2026
Share this post to
🌐 Select your Language: Current: മലയാളം

തൃശ്ശൂർ: വാക്കുകളും അർത്ഥങ്ങളും പെറുക്കിയെടുത്ത് ഹൃദയത്തിൽ സൂക്ഷിച്ചത് പാട്ടിനു വേണ്ടിയായിരുന്നുവെന്ന് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരലിയെ അനുസ്മരിച്ച് പത്മശ്രീ കലാമണ്ഡലം ഗോപി പറഞ്ഞു. സംസാരത്തിലും പ്രയോഗത്തിലും ഭാഷ വേണ്ടവിധം അറിയാതിരുന്ന ഹൈദരലി കഥകളി സംഗീതത്തോടുള്ള പ്രണയത്തിലൂടെയാണ് അക്ഷരശുദ്ധിയോടെ ഭാഷ കൈകാര്യം ചെയ്യാൻ ശീലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പഠനകാലത്തും കലാകാരനായി ജീവിച്ച കാലത്തും ഹൈദരലി അനുഭവിച്ച വിവേചനവും തിരസ്കാരവും കേരളത്തിലെ മറ്റൊരു കലാകാരനും അനുഭവിച്ചിട്ടില്ല. വേദനിപ്പിക്കുന്ന അനുഭവങ്ങളെ മധുരിക്കുന്ന സംഗീതമാക്കി മാറ്റി ആസ്വാദക ലോകത്തിന് സമ്മാനിച്ച കലാകാരനാണ് ഹൈദരലിയെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേർത്തു.

ജനഭേരി പ്രസിദ്ധീകരിച്ച കലാമണ്ഡലം ഹൈദരലി എന്ന ലേഖനസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. അബ്ദുൾ ഖാദർ പുസ്തകം ഏറ്റുവാങ്ങി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. മുഖ്യാതിഥിയായി. സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ ഹൈദരലി സ്മാരക പ്രഭാഷണം നടത്തി.

ഡോ. പ്രഭാകരൻ പഴശ്ശി അധ്യക്ഷനായി. ഡോ. എം.എൻ. വിനയകുമാർ പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിന്റെ എഡിറ്റർ ഡോ. സി.എഫ്. ജോൺ ജോഫി മറുപടി പ്രസംഗം നടത്തി. എം.എം. ബാബു, പി.കെ. ഗീത, പി.ആർ. ബാബു, രഘു ഗുരുകൃപ എന്നിവർ ആശംസകൾ നേർന്നു.

Get more updates from Pudukad News on Google