
കടലിലും ആകാശത്തുമായി ഇറാനെ ചുറ്റിയുള്ള സമ്മർദ്ദവല വീണ്ടും മുറുകുകയാണ്. ബോംബുകളും മിസൈലുകളും അല്ല ഇത്തവണ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, കപ്പൽഗതാഗതം, എണ്ണവിപണി എന്നെ മേഖലയെ ആയുധമാക്കിയാണ് അമേരിക്ക വീണ്ടും ഇറാനെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നത്. അമേരിക്കയുടെ മുഴുവൻ കണ്ണും അന്താരാഷ്ട്ര ഉപരോധങ്ങളെ മറികടന്ന് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന ഇറാന്റെ എണ്ണക്കപ്പൽ ശൃംഖലയായ ‘ഷാഡോ ഫ്ലീറ്റ്’ ആണ്.
ഇത് വെറുമൊരു പുതിയ ഉപരോധ പ്രഖ്യാപനമല്ല. മറിച്ച്, ഇറാന്റെ സാമ്പത്തിക നാഡിയായ എണ്ണ കയറ്റുമതിയെ ഘട്ടംഘട്ടമായി വെട്ടിമാറ്റാനുള്ള, വർഷങ്ങളായി തുടരുന്ന അമേരിക്കൻ തന്ത്രത്തിന്റെ അടുത്ത അധ്യായമാണ്. കപ്പലുകൾ മാത്രം അല്ല, അവയ്ക്ക് ഇൻഷുറൻസ് നൽകുന്ന കമ്പനികൾ, മാനേജ്മെന്റ് സ്ഥാപനങ്ങൾ, തുറമുഖങ്ങളുമായി ബന്ധപ്പെട്ട ഏജൻസികൾ, ബാങ്കിംഗ് ഇടപാടുകൾ എന്നിവ എല്ലാം ഒരുമിച്ച് ലക്ഷ്യമിടുന്ന ഈ നീക്കം, ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം മാത്രമല്ല, ആഗോള എണ്ണ വിപണിയെയും മിഡിൽ ഈസ്റ്റിലെ നയതന്ത്ര ബന്ധങ്ങളെയും ഒരേസമയം അസ്ഥിരമാക്കാനുള്ള ശേഷിയുള്ളതാണ്.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തിയെന്ന ആരോപണം മുൻവശത്ത് കാട്ടിയാണ് അമേരിക്ക ഈ നടപടികളെ ന്യായീകരിക്കുന്നത്. മനുഷ്യാവകാശത്തിന്റെ പേരിലാണ് ഉപരോധമെന്ന് അമേരിക്ക പറയുന്നത്. എന്നാൽ, ഇറാന്റെ കാഴ്ചപ്പാട് വ്യക്തമാണ് ഇവിടുത്തെ യഥാർത്ഥ വിഷയം മനുഷ്യാവകാശമല്ല, ഊർജ്ജ നിയന്ത്രണവും ആഗോള ശക്തിസമവാക്യങ്ങളുമാണ്. എണ്ണ പോലുള്ള തന്ത്രപ്രധാന വിഭവങ്ങളിൽ സ്വതന്ത്ര നയമെടുക്കുന്ന ഒരു രാജ്യത്തെ സാമ്പത്തികമായി കീഴടക്കുക എന്നതാണ് അമേരിക്കൻ ലക്ഷ്യമെന്ന് ഇറാൻ തുറന്നടിക്കുന്നു.
അമേരിക്കൻ ട്രഷറി വകുപ്പിന്റെ പുതിയ നടപടികൾ പ്രകാരം, ഒമ്പത് കപ്പലുകളും അവയുടെ ഉടമസ്ഥരായോ നിയന്ത്രകരായോ ഉള്ള സ്ഥാപനങ്ങളും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യ, യുഎഇ, ഒമാൻ എന്നിവിടങ്ങളിലെ ചില കമ്പനികളും ഈ പട്ടികയിൽ ഇടംപിടിച്ചു. “കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും രഹസ്യമായി വിദേശ വിപണികളിലേക്ക് കടത്തി” എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ, ഇറാന്റെ നിലപാട് വ്യത്യസ്തമാണ് ഐക്യരാഷ്ട്രസഭ അംഗീകരിക്കാത്ത ഏകപക്ഷീയ ഉപരോധങ്ങളെ മറികടന്ന് സ്വന്തം സാമ്പത്തിക ജീവൻ നിലനിർത്താനുള്ള നിയമപരവും നൈതികവുമായ ശ്രമം മാത്രമാണിതെന്ന് ഇറാൻ വാദിക്കുന്നു.
അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസ്സെന്റ് പറഞ്ഞത്, “ഇറാൻ സ്വന്തം ജനങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ഫണ്ടുകളുടെ ഉറവിടങ്ങളെയാണ് ഉപരോധങ്ങൾ ലക്ഷ്യമിടുന്നത്” എന്നായിരുന്നു. എന്നാൽ, ഇറാൻ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്, എണ്ണ വരുമാനം രാജ്യത്തിന്റെ സാമൂഹിക ക്ഷേമത്തിനും ആരോഗ്യ–വിദ്യാഭ്യാസ മേഖലകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഉപയോഗിക്കുന്നതെന്നാണ്. ‘ഭീകര ഫണ്ടിങ്’ എന്ന ആരോപണം രാഷ്ട്രീയമായി നിർമ്മിച്ച ഒരു പ്രചാരണ ആയുധം മാത്രമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ ആസ്ഥാനമായ ആയത്ത് ഷിപ്പ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ‘ആവോൺ’ എന്ന കപ്പൽ 2025-ൽ ബംഗ്ലാദേശിലേക്കും പാകിസ്ഥാനിലേക്കും ഇറാനിയൻ LPG എത്തിച്ചതായി അമേരിക്ക ആരോപിക്കുന്നു. എന്നാൽ, ഇത്തരം വ്യാപാരങ്ങൾ അന്താരാഷ്ട്ര വിപണിയിൽ സാധാരണമായി നടക്കുന്നവയാണെന്നും, ഒരു രാജ്യത്തിന്റെ ഊർജ്ജ കയറ്റുമതി തടയാൻ മൂന്നാം രാജ്യങ്ങളെ നിർബന്ധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിക്കാത്ത ഉപരോധങ്ങൾ പാലിക്കണമെന്ന് ലോകത്തെ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന വാദവും ഇറാൻ ശക്തമായി ഉന്നയിക്കുന്നു.

ഈ സാമ്പത്തിക യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൈനിക നടപടിയെക്കുറിച്ച് പരസ്യമായി ഭീഷണി മുഴക്കിയതോടെ, മിഡിൽ ഈസ്റ്റ് വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. “ഇറാനെതിരെ നീങ്ങാൻ അമേരിക്കയ്ക്ക് മതിയായ സൈനിക ശക്തിയുണ്ട്” എന്ന ട്രംപിന്റെ പരാമർശങ്ങൾക്ക് മറുപടിയായി, ഇറാൻ കടുത്ത മുന്നറിയിപ്പാണ് നൽകിയത്. ഏതൊരു ആക്രമണത്തെയും “സമഗ്ര യുദ്ധമായി” കണക്കാക്കി പരമാവധി ശക്തിയോടെ പ്രതികരിക്കുമെന്ന നിലപാടിലാണ് ടെഹ്‌റാൻ.
ഡിസംബർ അവസാനം ഇറാനിൽ ആരംഭിച്ച പ്രതിഷേധങ്ങളെ അമേരിക്കയും ചില പാശ്ചാത്യ മാധ്യമങ്ങളും ‘ജനകീയ വിപ്ലവം’ എന്ന നിലയിൽ അവതരിപ്പിച്ചെങ്കിലും, ഇറാൻ ഭരണകൂടത്തിന്റെ വിശദീകരണം മറ്റൊന്നാണ്. വിദേശ ശക്തികളുടെ ഇടപെടലും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ യുദ്ധവുമാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് സർക്കാർ പറയുന്നത്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് മരണങ്ങൾ നടന്നുവെന്ന കണക്കുകൾ ഇറാൻ നിഷേധിക്കുന്നു. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനായിരുന്നുവെന്നും, പല പാശ്ചാത്യ രാജ്യങ്ങളും സമാന സാഹചര്യങ്ങളിൽ ഇതേ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതിനെതിരെ ഇറാൻ സൈന്യം “ഏറ്റവും മോശം സാഹചര്യം” കണക്കിലെടുത്ത് പൂർണ ജാഗ്രതയിലാണ്. ഈ നീക്കങ്ങൾ സമാധാനം ലക്ഷ്യമിട്ടതല്ല, മറിച്ച് സമ്മർദ്ദവും ഭീഷണിയും വഴി ഇറാനെ കീഴടക്കാനുള്ള ശ്രമമാണെന്ന് ഇറാനിയൻ വൃത്തങ്ങൾ ആരോപിക്കുന്നു.
പാശ്ചാത്യ ലോകത്ത് പോലും ട്രംപിന്റെ ആക്രമണാത്മക നയത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. നാറ്റോ സഖ്യകക്ഷികളോടുള്ള അവഗണനയും ഏകപക്ഷീയ ഉപരോധങ്ങളും, ആഗോള ശക്തിസമതുലിതാവസ്ഥയെ അപകടത്തിലാക്കുന്നുവെന്ന് യൂറോപ്യൻ നേതാക്കളും വിശകലന വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഇതേ പശ്ചാത്തലത്തിൽ, ചൈന, റഷ്യ, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്നിവയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങൾ കൂടുതൽ പ്രസക്തമാകുകയാണ്.
ഇറാനെതിരായ ഉപരോധങ്ങളും സൈനിക ഭീഷണികളും യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് മനുഷ്യാവകാശങ്ങളല്ല, മറിച്ച് മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ആധിപത്യം നിലനിർത്തുക എന്നതാണെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. എണ്ണയും ഊർജ്ജ വിപണിയും നിയന്ത്രിക്കുന്നതിലൂടെ ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കാമെന്ന പഴയ ധാരണയുടെ ഭാഗമാണ് ഈ നീക്കങ്ങൾ. എന്നാൽ, വർഷങ്ങളായ ഉപരോധങ്ങൾക്കിടയിലും നിലനിൽക്കുന്ന ഇറാന്റെ പ്രതിരോധശേഷി, ഈ തന്ത്രം അത്ര എളുപ്പമല്ലെന്ന് തന്നെ തെളിയിക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ഈ സംഘർഷം, തെറ്റായ കണക്കുകൂട്ടലുകൾ ഉണ്ടായാൽ, ഒരു പ്രാദേശിക പ്രശ്നത്തിൽ നിന്ന് ആഗോള പ്രതിസന്ധിയിലേക്ക് വഴിമാറാൻ സാധ്യതയുള്ളതാണ്. അതിനാൽ തന്നെ, ഏകപക്ഷീയ ഉപരോധങ്ങളുടെയും സൈനിക ഭീഷണികളുടെയും പകരം, സംഭാഷണവും പരസ്പര ബഹുമാനവും മാത്രമാണ് സ്ഥിരതയിലേക്കുള്ള വഴി എന്ന നിലപാടാണ് ഇറാൻ വീണ്ടും വീണ്ടും മുന്നോട്ടുവയ്ക്കുന്നത് ലോകം അത് കേൾക്കുമോ എന്നതാണ് ഇനി ബാക്കിയുള്ള ചോദ്യം.
The post ശ്വാസംമുട്ടിക്കാൻ അമേരിക്കയുടെ ‘രഹസ്യ വല’; തളരാതെ ഇറാന്റെ ഷാഡോ ഫ്ലീറ്റ്! മിഡിൽ ഈസ്റ്റിൽ ഉടൻ സംഭവിക്കാൻ പോകുന്നത് എന്ത്? appeared first on Express Kerala.



