
കേരള തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള നഗര തദ്ദേശ സ്ഥാപനങ്ങളിലും ക്ലസ്റ്ററുകളിലും നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാൻസ് ഓഫീസർ, അക്കൗണ്ടന്റ് തസ്തികകളിലായി ആകെ 44 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പെഷ്യൽ കേഡർ വിഭാഗത്തിൽപ്പെടുന്ന ഈ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർ സി.എം.ഡി-യുടെ പേയ്‌റോളിന് കീഴിലായിരിക്കും ജോലി ചെയ്യേണ്ടത്.
യോഗ്യതയും ശമ്പളവും അക്കൗണ്ടന്റ് തസ്തികയിലേക്ക് അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ച ബി.കോം ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം 28,100 രൂപയാണ് ഈ തസ്തികയിൽ ലഭിക്കുന്ന ശമ്പളം. ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അക്കൗണ്ടൻസിയിൽ എം.കോം ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം. 32,550 രൂപയാണ് ഈ തസ്തികയിലെ പ്രതിമാസ ശമ്പളം. രണ്ട് തസ്തികകളിലേക്കുമുള്ള പ്രായപരിധി 36 വയസ്സാണ്.
Also Read: വിദ്യാഭ്യാസ മാതൃകയായി കേരളം; പാഠപുസ്തക പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം
അപേക്ഷിക്കേണ്ട രീതിയും സമയപരിധിയും താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രാരംഭത്തിൽ ഒരു വർഷത്തേക്കായിരിക്കും കരാർ നിയമനം. തുടർന്ന് സർക്കാരിന്റെ അംഗീകാരത്തിനും വകുപ്പിന്റെ ആവശ്യകതയ്ക്കും വിധേയമായി കരാർ കാലാവധി നീട്ടി നൽകുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 30 വൈകുന്നേരം അഞ്ച് മണി വരെയാണ്.
The post തദ്ദേശ സ്വയംഭരണ വകുപ്പിൽ അവസരം; അക്കൗണ്ടന്റ്, ഫിനാൻസ് ഓഫീസർ തസ്തികകളിൽ 44 ഒഴിവുകൾ appeared first on Express Kerala.



