
കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണനയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഏറെക്കാലമായി കേരളം ഉറ്റുനോക്കുന്ന എയിംസ് ഇത്തവണയും പ്രഖ്യാപിക്കാത്തത് കേന്ദ്രത്തിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയോട് കേന്ദ്രം തുടർച്ചയായി മുഖംതിരിക്കുകയാണെന്നും എയിംസിനായുള്ള ആവശ്യം കേരളം ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
എയിംസിനായി സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിനും മന്ത്രി മറുപടി നൽകി. കോഴിക്കോട് കിനാലൂരിൽ എയിംസിനായി സ്ഥലം സജ്ജമാക്കിയിട്ടുണ്ടെന്നും വസ്തുതകൾ പരിശോധിക്കാതെയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. എയിംസിന് പുറമെ സിൽവർ ലൈൻ ഉൾപ്പെടെയുള്ള അതിവേഗ റെയിൽ പദ്ധതികളിലും കേരളത്തിന് നിരാശയായിരുന്നു ഫലം. തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ ലഭിച്ചപ്പോഴാണ് കേരളം പൂർണ്ണമായും തഴയപ്പെട്ടത്.
അതേസമയം, അപൂർവ്വ ധാതുക്കൾക്കായുള്ള പ്രത്യേക കോറിഡോറിൽ കേരളത്തെ ഉൾപ്പെടുത്തിയതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. കൂടാതെ കടലാമകളുടെ സംരക്ഷണത്തിനായി കേരളത്തിലും കർണാടകത്തിലും പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിലുണ്ട്. എന്നാൽ, സംസ്ഥാനം ആവശ്യപ്പെട്ട പ്രധാന പദ്ധതികളൊന്നും പരിഗണിക്കാതെ കടലാമ സംരക്ഷണം പ്രഖ്യാപിച്ചതിനെ സോഷ്യൽ മീഡിയയിൽ ട്രോളുകളിലൂടെയാണ് ജനങ്ങൾ നേരിടുന്നത്. സംസ്ഥാനങ്ങൾക്കുള്ള പദ്ധതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം തള്ളി.
The post കേരളത്തിന് എയിംസ് നൽകില്ലെന്ന് കേന്ദ്രത്തിന്റെ വാശി! ബജറ്റിൽ കടുത്ത അവഗണനയെന്ന് വീണാ ജോർജ് appeared first on Express Kerala.




