
നിയമസഭയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനയെ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ സർവീസ് നയവുമായി ബന്ധപ്പെട്ട മന്ത്രിയുടെ പരാമർശമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിന് കാരണമായത്.
കെഎസ്ആർടിസി നഷ്ടത്തിൽ നിന്ന് കരകയറുന്നതിന്റെ ‘രഹസ്യം’ വിശദീകരിക്കവെയാണ് ഗണേഷ് കുമാർ വിവാദ പരാമർശം നടത്തിയത്. സ്വകാര്യ ബസുകളുമായി മത്സരയോട്ടം ഒഴിവാക്കാൻ അവർ പോകുന്ന റൂട്ടുകളിൽ നിന്ന് മാറി, കെഎസ്ആർടിസിക്ക് മാത്രമായുള്ള എക്സ്ക്ലൂസീവ് റൂട്ടുകളിലേക്ക് സർവീസ് മാറ്റിയതാണ് കളക്ഷൻ കൂടാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകളും നികുതി അടയ്ക്കുന്നവരാണെന്നും അവർക്കും ബിസിനസ് നടത്താൻ സാഹചര്യമൊരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; അവഗണനയ്ക്കെതിരെ നിയമസഭയിൽ പ്രമേയം
മന്ത്രിയുടെ ഈ ‘നയപ്രഖ്യാപനം’ ശ്രദ്ധയിൽപ്പെട്ടയുടൻ മുഖ്യമന്ത്രി ഇടപെട്ടു. സ്വകാര്യ ബസുകൾ ഉള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി പിൻവാങ്ങുക എന്നത് സർക്കാരിന്റെ നയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നത് നല്ലതാണെങ്കിലും, സ്വകാര്യ ബസുകൾക്ക് വേണ്ടി വഴിമാറിക്കൊടുക്കുന്ന രീതി സ്വീകരിച്ചാൽ അത് ജനങ്ങൾക്ക് വലിയ പ്രയാസമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ മന്ത്രി ഗണേഷ് കുമാർ തന്റെ പ്രസ്താവന വിശദീകരിച്ചു. സ്വകാര്യ ബസുകൾക്ക് എല്ലാ റൂട്ടുകളും വിട്ടുകൊടുക്കുമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും, അവരുടെ കുത്തക തകർത്തുകൊണ്ടാണ് കെഎസ്ആർടിസി മുന്നേറുന്നതെന്നും അദ്ദേഹം തിരുത്തി. ബംഗളൂരു റൂട്ടുകളിലടക്കം സ്വകാര്യ ബസുകളേക്കാൾ കൂടുതൽ കളക്ഷൻ ഇപ്പോൾ കെഎസ്ആർടിസി നേടുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
The post സ്വകാര്യ ബസുകൾക്കായി വഴിമാറണോ? ഗണേഷ് കുമാറിന്റെ നയത്തിന് മുഖ്യമന്ത്രിയുടെ പരസ്യ തിരുത്തൽ appeared first on Express Kerala.




