
കണ്ണൂർ: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. കനത്ത പോലീസ് സുരക്ഷയിൽ നടന്ന ചടങ്ങിൽ വലിയ ജനപങ്കാളിത്തം ദൃശ്യമായി.
എന്നാൽ വിമർശനം ഉന്നയിച്ചപ്പോൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും അശ്ലീല സന്ദേശങ്ങൾ അയച്ച് തേജോവധം ചെയ്യാനും ശ്രമം നടന്നതായി വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. പരിപാടിയിൽ ആളുകൾ പങ്കെടുക്കുന്നത് തടയാൻ ശ്രമമുണ്ടായെന്നും, താൻ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ അക്രമത്തിനാണ് പാർട്ടി മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം പ്രവർത്തകർ ചടങ്ങ് അലങ്കോലപ്പെടുത്തിയേക്കുമെന്ന് ഭയന്ന് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി സ്ഥലത്ത് വലിയ സുരക്ഷയൊരുക്കി.
Also Read: സുരേഷ് ഗോപി പറഞ്ഞത് ‘പൊന്ന് മോനെ’എന്ന്; സുരേഷ് ഗോപിയെ ന്യായീകരിച്ച് ശോഭാ സുരേന്ദ്രൻ
കഴിഞ്ഞ ദിവസമാണ് വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്. ടി.ഐ. മധുസൂദനൻ എം.എൽ.എയെ അധിക്ഷേപിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉന്നയിച്ചെങ്കിലും, ഇതിലൊന്നും പുതിയ കാര്യങ്ങളില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ.
The post വി കുഞ്ഞികൃഷ്ണന്റെ പുസ്തകം; ‘നേതൃത്വത്തെ അണികൾ തിരുത്തണം’ പ്രകാശനം ചെയ്തു appeared first on Express Kerala.




