
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ സുരക്ഷാ-നയതന്ത്ര സഹകരണം കൂടുതൽ ഊർജിതമാക്കുന്നു. ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും കാബിനറ്റ് അംഗവുമായ ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായി കൂടിക്കാഴ്ച നടത്തി. റിയാദിൽ നടന്ന ഈ നിർണായക ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിലാണ് പ്രധാനമായും ഊന്നൽ നൽകിയത്.
റിയാദിലെത്തിയ അജിത് ഡോവലിനെ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ വിഭാഗം ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. സൗദ് അൽ-സാതി, ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും മേഖലയിൽ സമാധാനം നിലനിർത്താനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകളാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെ പശ്ചിമേഷ്യൻ നയങ്ങളിൽ സൗദി അറേബ്യയ്ക്കുള്ള മുൻഗണന അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം.
The post ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം ശക്തമാക്കും; അജിത് ഡോവൽ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി appeared first on Express Kerala.




